‘സിൻഡ്രല്ലയുടെ ഒരു ചെരിപ്പ് കിട്ടിയിട്ടുണ്ട്’; ബിജെപിയുടെ ചെരിപ്പേറിൽ പ്രതികരിച്ച് തമിഴ്നാട് ധനമന്ത്രി

തനിക്ക് നേരെ ബിജെപി പ്രവർത്തകർ എറിഞ്ഞ ചെരിപ്പിൻ്റെ ചിത്രം പങ്കുവച്ച് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. സിൻഡ്രല്ലയുടെ ഒരു ചെരിപ്പ് ലഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ തൻ്റെ അനുയായികളെ സമീപിച്ചാൽ ചെരിപ്പ് തിരികെ ലഭിക്കുമെന്നും അദ്ദേഹം ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു.
ഓഗസ്റ്റ് 11ന് ജമ്മു കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ രക്തസാക്ഷിയായ സൈനികൻ ഡി ലക്ഷ്മണിൻ്റെ ഭൗതികശരീരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മധുര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ത്യാഗരാജൻ. ഈ സമയത്ത് ഇതേ ആവശ്യത്തിനായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ പളനിവേലും അവിടെ ഉണ്ടായിരുന്നു. ഇരുവരെയും സ്വീകരിക്കാൻ ഒരു വലിയ സംഘം ബിജെപി, ഡിഎംകെ പാർട്ടി പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. ഇതിനിടെ ബിജെപി, ഡിഎംകെ പ്രവർത്തകർ തമ്മിൽ വിമാനത്താവളത്തിൽ വച്ച് വാക്കുതർക്കവും സംഘർഷവുമുണ്ടായി. ഇതിനു പിന്നാലെ വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ത്യാഗരാജനെയും സംഘത്തെയും ബിജെപി പ്രവർത്തകർ തടഞ്ഞ് മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. ഇതിനിടെ ആരോ ഒരാൾ ത്യാഗരാജൻ്റെ കാറിനു നേരെ ചെരിപ്പ് എറിയുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഇങ്ങനെ തൻ്റെ നേരെ എറിഞ്ഞ ചെരിപ്പിൻ്റെ ചിത്രമാണ് ത്യാഗരാജൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
സംഭവത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് പി കുമാർ അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തു.
Story Highlights: Palanivel Thiagarajan slippers twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here