വനിതാ ഐപിഎല്‍ അടുത്ത മാര്‍ച്ചില്‍, നാലാഴ്ച നീണ്ടുനിൽക്കും: റിപ്പോർട്ട്

2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ഇത് സംബന്ധിച്ച് ബോർഡ് മാറ്റങ്ങൾ വരുത്തി. 2022–23 ലെ സീനിയർ വനിതാ സീസൺ, ഒക്‌ടോബർ 11-ന് T20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്റർ സോണൽ ഏകദിന മത്സരത്തോടെ അവസാനിക്കുകയും ചെയ്യും.
2018 മുതൽ ഐപിഎൽ സമയത്ത് ബിസിസിഐ വനിതാ ടി20 ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്. 2021 കൊവിഡിനെ തുടർന്ന് മത്സരം റദ്ദാക്കിയിരുന്നു. ആദ്യ സീസണിൽ രണ്ട് ടീമുകൾ തമ്മിലുള്ള എക്സിബിഷൻ മത്സരമായി കളിച്ചിരുന്ന ടൂർണമെന്റ് നിരവധി പ്രമുഖ വിദേശ കളിക്കാർ കൂടി എത്തിയതോടെ മൂന്ന് ടീമുകളുടെ മത്സരമായി മാറി. പിന്നാലെ പുരുഷന്മാരുടെ ഐപിഎൽ മാതൃകയിൽ മത്സരം നടത്തണമെന്ന മുറവിളി ശക്തമായി.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാകും നടക്കുക. അഞ്ച് ടീമുകളാകും മത്സരത്തില്‍ ഉണ്ടാകുകയെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ നടക്കുക. ഈ വർഷം ഫെബ്രുവരിയിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 2023ൽ വനിതാ ഐപിഎൽ നടത്തുമെന്ന് പറഞ്ഞിരുന്നു. മെയ് മാസത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായും ടൂർണമെന്റിനെക്കുറിച്ച് സംസാരിച്ചിരുന്നു.
വനിതാ ഐപിഎൽ ടീമിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസിന്റെയും ബാർബഡോസ് റോയൽസിന്റെയും ഉടമകൾ പരസ്യമായി താൽപ്പര്യം പ്രകടിപ്പിച്ചു. നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പും ഇക്കാര്യത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വനിതാ സിപിഎല്ലിന്റെ ഉദ്ഘാടന പതിപ്പ് ഈ വർഷാവസാനം നടക്കുന്ന പുരുഷ ടൂർണമെന്റിനോട് അനുബന്ധിച്ചാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് ടീമുകൾ ഉൾപ്പെടും. നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും ഇതിൽ കളിക്കും.
Story Highlights: BCCI earmarks window in March 2023 for inaugural women’s IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here