ഫിഫ വിലക്കിൽ തിരിച്ചടി ബ്ലാസ്റ്റേഴ്സിനും; ആറാം വിദേശതാരത്തെ സൈൻ ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ട്

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരായ ഫിഫയുടെ വിലക്കിൽ തിരിച്ചടി ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്കും. രണ്ട് ലീഗുകളും നടത്തുന്നതിൽ തടസമില്ലെങ്കിലും ഇനി പുതിയ വിദേശതാരങ്ങളെ ടീമിലെത്തിക്കാൻ കഴിയില്ല. കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒരു വിദേശ താരത്തെക്കൂടി ടീമിൽ എത്തിക്കേണ്ടതുണ്ട്. ഇതിനു സാധിക്കില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ, ഇതുവരെ ഒരു വിദേശ താരത്തെയും സൈൻ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റിന് ഇന്ത്യൻ താരങ്ങളെ അണിനിരത്തി കളിക്കേണ്ടിവരും.
ഫിഫ ഐഎസ്എലിനു നൽകിവന്നിരുന്ന ധനസഹായം ഇനി ലഭിക്കില്ല. അത് എഐഎഫ്എഫിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവും. ഐഎസ്എൽ ടീമുകൾക്ക് ലഭിച്ചിരുന്ന എഎഫ്സി ചാമ്പ്യൻഷിപ്പ് യോഗ്യതയും എഎഫ്സി കപ്പ് യോഗ്യതയും ഇനി ലഭിക്കില്ല. എഎഫ്സി കപ്പ് യോഗ്യത നേടിയിരുന്ന എടികെ മോഹൻ ബഗാൻ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. താരങ്ങളുമായി കരാർ ഒപ്പിടാമെങ്കിലും രജിസ്ട്രേഷൻ നടക്കില്ല. രജിസ്ട്രേഷൻ നടന്നെങ്കിലേ താരങ്ങൾക്ക് കളിക്കാനാവൂ. ഓഗസ്റ്റ് 31 വരെയാണ് ട്രാൻസ്ഫർ ജാലകം തുറന്നിരിക്കുക. അതുകൊണ്ട് തന്നെ വിലക്ക് മാറി താരങ്ങളെ രജിസ്റ്റർ ചെയ്യുക ബുദ്ധിമുട്ടാവും. എന്നാൽ, താരക്കൈമാറ്റ ജാലകം അടച്ചാലും ഫ്രീ ഏജൻ്റായ താരങ്ങളെ ക്ലബുകൾക്ക് ടീമിലെത്തിക്കാം.
തിരിച്ചടി ഗോകുലം കേരളയ്ക്കുമുണ്ട്. ഗോകുലത്തിൻ്റെ വനിതാ ടീമിന് ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇന്നലെയാണ് ചാമ്പ്യൻഷിപ്പിൽ കളിക്കാനായി ടീം ഉസ്ബെകിസ്താനിലേക്ക് യാത്ര തിരിച്ചത്. എന്നാൽ, ചാമ്പ്യൻഷിപ്പ് കളിക്കാതെ ടീമിന് മടങ്ങേണ്ടിവരും.
Story Highlights: fifa ban aiff kerala blasters gokulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here