ശ്രീലങ്കയിലെത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ജയസൂര്യ; ശ്രീലങ്കയിൽ വന്നതിനു നന്ദിയെന്ന് താരം

സിനിമാ ഷൂട്ടിങിനായി ശ്രീലങ്കയിൽ എത്തിയ നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും രാജ്യത്തിൻ്റെ ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജയസൂര്യ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.
“മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കളാണ് യഥാർഥ സൂപ്പർ സ്റ്റാർ. ശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു”.- ജയസൂര്യ കുറിച്ചു.
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. തുടർന്ന് സർക്കാർ പ്രതിനിധിയായ ജയസൂര്യ മമ്മൂട്ടിയെ കാണാനെത്തുകയായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായി ഇന്ന് മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും.
Story Highlights: sanath jayasuriya mammootty srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here