‘സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, ജോലി വേണം’; സച്ചിന് കാര്യങ്ങളറിയാമെങ്കിലും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിനോദ് കാംബ്ലി

സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമാണെന്ന് ഇന്ത്യയുടെ മുൻ താരം വിനോദ് കാംബ്ലി. ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന 30,000 രൂപ പെൻഷൻ മാത്രമാണ് ഇപ്പോൾ ഏക വരുമാന മാർഗം. പോറ്റാൻ ഒരു കുടുംബമുണ്ട്. ഇക്കാര്യങ്ങളൊക്കെ സച്ചിനറിയാം. എങ്കിലും താൻ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും കാംബ്ലി പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാംബ്ലിയുടെ വെളിപ്പെടുത്തൽ.
“സച്ചിന് എല്ലാം അറിയാം. പക്ഷേ അദ്ദേഹത്തിൽ നിന്ന് ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. തെണ്ടുൽക്കർ മിഡിൽസെക്‌സ് ഗ്ലോബൽ അക്കാദമിയിലെ ഉപദേശക റോൾ സച്ചിൻ എനിക്ക് നൽകിയിരുന്നു. പക്ഷേ, ഗ്രൗണ്ട് ഏറെ ദൂരെയാണ്. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കണമായിരുന്നു. അത് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. നല്ല സുഹൃത്താണ് സച്ചിൻ. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് എൻ്റെ അവസ്ഥ അറിയിച്ച് സഹായം തേടിയിരുന്നു. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഞാനവിടെ എത്തുമെന്ന് എംസിസിയെ അറിയിച്ചിട്ടുണ്ട്. മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്. ഈ കളിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. പണക്കാരനായല്ല ഞാൻ ജനിച്ചത്. ദാരിദ്ര്യം അറിഞ്ഞാണ് വളർന്നത്. ചില ദിവസങ്ങളിൽ ഭക്ഷണം പോലും ഉണ്ടാവില്ല. ക്രിക്കറ്റ് കളിയിലൂടെയാണ് എല്ലാം സമ്പാദിച്ചത്. എനിക്ക് സംരക്ഷിക്കാൻ ഒരു കുടുംബമുണ്ട്. അതിനാൽ ഒരു ജോലി വേണം. യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാനാവണം. അമോൽ മജുംദാറിനെ മുഖ്യ പരിശീലകനായി നിയമിച്ചു എന്നറിയാം. എന്നാൽ, എവിടെയെങ്കിലും എന്നെ ആവശ്യമുണ്ടെങ്കിൽ അവിടെ ഞാനുണ്ടാവും.”- കാംബ്ലി പറഞ്ഞു.
ഇന്ത്യക്കായി 104 ഏകദിനങ്ങളിലും 17 ടെസ്റ്റ് മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിൽ നിന്നായി 3561 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഒരുകാലത്ത് സച്ചിനെക്കാൾ മിടുക്കനായ കളിക്കാരനെന്ന് കരുതപ്പെട്ടയാളായിരുന്നു കാംബ്ലി. സച്ചിൻ്റെ പരിശീലകനായ രമാകാന്ത് അച്‌രേക്കറാണ് കാംബ്ലിയുടെയും കോച്ച്.
Story Highlights: vinod kambli sachin tendulkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here