ഫ്‌ളാറ്റുകളിലെ സിസിടിവികൾ പ്രവർത്തിക്കുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പുവരുത്തണം; മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി വരുന്നു

മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത റെസിഡൻസ് അസോസിയേഷനുകൾക്കെതിരെ കർശനനടപടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ സി.എച്ച്. നാഗരാജു . അസ്വഭാവിക നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടും അറിയിക്കാത്തവരെ കൂട്ടുപ്രതിയാക്കി കേസെടുക്കും. സിസിടിവികൾ പ്രവർത്തിക്കുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പുവരുത്തണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. കാക്കനാട് യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി ഫ്‌ലാറ്റിൽ ഒളിപ്പിച്ച സാഹചര്യത്തിലാണ് പുതിയ പൊലീസിന്റെ നീക്കം.
കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്‌ളാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം റൂമിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്.
അഞ്ച് സുഹൃത്തുകൾ ഒന്നിച്ചായിരുന്നു ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് സുഹൃത്തുക്കൾ ഫ്‌ലാറ്റിൽ സജീവ് കൃഷ്ണയെ കാണാതെ പരിഭ്രമിച്ചു. സജീവിനൊപ്പം അർഷാദുണ്ടെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞതിനെത്തുടർന്ന് അർഷാദിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കള്ളത്താക്കോലിട്ട് ഒടുവിൽ ഫ്‌ളാറ്റിന്റെ വാതിൽ സുഹൃത്തുക്കൾ തുറന്നു. പുതപ്പിൽ കെട്ടിപ്പൊതിഞ്ഞ നിലയിലുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം ചൂണ്ടിക്കാട്ടിയത് അർഷാദിന്റെ സുഹൃത്ത് ആശിഷായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർഷാദിനെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: flat cctv installation guidelines kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here