ബലാത്സംഗക്കേസ്: വിവാദ ആത്മീയനേതാവ് നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

വിവാദ ആത്മീയ നേതാവ് നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബാംഗ്ലൂരിലെ രാമനഗരയിലെ സെഷന്‍സ് കോടതി. 2010ലെ ഒരു ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ടാണ് തേര്‍ഡ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. (Court issues non-bailable warrant against Nithyananda rape case)
ആത്മീയ കാര്യങ്ങള്‍ക്കായി എത്തിയ വനിതയെ നിത്യാനന്ദ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പരാതിയില്‍ മുന്‍പും കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പൊലീസിന് നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മുന്‍ കാര്‍ഡ്രൈവര്‍ ലെനിന്റെ പരാതിയിലാണ് നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താനാകത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിചാരണ സ്തംഭിച്ച അവസ്ഥയിലാണ്.
കേസില്‍ നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇയാള്‍ രാജ്യത്തിന് പുറത്തേക്ക് ഒളിച്ചുകടന്നതോടെ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. കൈലാസം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രദേശത്താണ് നിത്യാനന്ദ ഇപ്പോഴുള്ളതെന്നാണ് വിവരം. 2019ല്‍ പുറപ്പെടുവിച്ച സമന്‍സിനും നിത്യാനന്ദ മറുപടി നല്‍കിയിരുന്നില്ല. പുതിയ വാറണ്ടിന് സെപ്തംബര്‍ 23 വരെയാണ് പ്രാബല്യമുള്ളത്.
Story Highlights:Court issues non-bailable warrant against Nithyananda rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here