Advertisement

സിക്കന്ദർ റാസയുടെ ഒറ്റയാൾ പോരാട്ടം വിഫലം; ഇന്ത്യക്ക് ആവേശ ജയം

August 22, 2022
2 minutes Read
india won odi zimbabwe

സിംബാബ്‌വെക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ആവേശജയം. 13 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 49.3 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. 95 പന്തുകളിൽ 115 റൺസെടുത്ത ഓൾറൗണ്ടർ സിക്കന്ദർ റാസ സിംബാബ്‌വെയ്ക്കായി തിളങ്ങി. സീൻ വില്ല്യംസ് 45 റൺസെടുത്തു. (india won odi zimbabwe)

നല്ല തുടക്കമല്ല സിംബാബ്‌വെയ്ക്ക് ലഭിച്ചത്. ഇന്നസെൻ്റ് കയ (6) വേഗം മടങ്ങി. ദീപക് ചഹാറിനായിരുന്നു വിക്കറ്റ്. 12 റൺസിൽ നിൽക്കെ കൈതാനോ റിട്ടയേർഡ് ഹർട്ട് ആയതോടെ സിംബാബ്‌വെ വിയർത്തു. രണ്ടാം വിക്കറ്റിൽ സീൻ വില്ല്യംസും ടോണി മുന്യോങയും ചേർന്ന കൂട്ടുകെട്ടാണ് സിംബാബ്‌വെയ്ക്ക് കരുത്തായത്. ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. വില്ല്യംസും (45), മുന്യോങയും (15) വേഗം മടങ്ങിയതോടെ സിംബാബ്‌വെ വീണ്ടും പ്രതിരോധത്തിലായി. വില്ല്യംസിനെ അക്സർ മടക്കിയപ്പോൾ ആവേഷ് ഖാനാണ് മുന്യോങയുടെ വിക്കറ്റ് വീഴ്ത്തിയത്.

Read Also: കന്നിസെഞ്ചുറിയിൽ തിളങ്ങി ഗിൽ; ഫിഫ്റ്റിയടിച്ച് കിഷൻ; ഇന്ത്യക്ക് മികച്ച സ്കോർ

റെഗിസ് ചകാബ്വ (16), റയാൻ ബേൾ (8), ലൂക്ക് ജോങ്വെ (14) എന്നിവരൊക്കെ വേഗം മടങ്ങി. എന്നാൽ, ഒരുവശത്ത് ഉറച്ചുനിന്ന സിക്കന്ദർ റാസ ഇന്ത്യൻ ബൗളിംഗിനെ സമർത്ഥമായി നേരിട്ടു. ടി-20 ശൈലിയിൽ ബാറ്റ് വീശിയ താരം വെറും 87 പന്തുകളിൽ സെഞ്ചുറി തികച്ചു. 8ആം വിക്കറ്റിൽ റാസയ്ക്കൊപ്പം ബ്രാഡ് ഇവാൻസ് ഉറച്ചുനിന്നതോടെ കളി ആവേശകരമായി. സെഞ്ചുറിക്ക് പിന്നാലെ റാസ ആക്രമണം കടുപ്പിച്ചു. ഇതിനിടെ ഇവാൻസ് (28) മടങ്ങി. റാസയ്ക്കൊപ്പം 103 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായ താരത്തെ 48ആം ഓവറിൽ ആവേശ് ഖാൻ പുറത്താക്കുകയായിരുന്നു. സിംബാബ്‌വെയുടെ പ്രതീക്ഷകളെല്ലാം പേറിനിന്ന റാസ 49ആം ഓവറിൽ പുറത്തായതോടെ കളി ഇന്ത്യയുടെ വരുതിയിലായി. റാസയെ ശാർദ്ദുൽ താക്കൂർ ആണ് മടക്കിയത്. അവസാന ഓവറിൽ വിക്ടർ ന്യുവാച്ചിയെ (0) ആവേശ് ഖാൻ മടക്കിയതോടെ ഇന്ത്യയുടെ ജയം പൂർണം. ജയത്തോടെ ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരി.

പരമ്പരയിൽ ആദ്യമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 289 റൺസെടുത്തത്. കന്നി ഏകദിന സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 97 പന്തുകൾ നേരിട്ട് 130 റൺസെടുത്ത ഗില്ലിനൊപ്പം ഫിഫ്റ്റിയടിച്ച ഇഷാൻ കിഷനും (50) തിളങ്ങി. സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ് 5 വിക്കറ്റ് നേടി. 

Story Highlights: india won odi zimbabwe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top