കാമുകന്റെ സഹായത്തോടെ ഒന്നരവയസുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന പ്രതി കുഴഞ്ഞുവീണ് മരിച്ചു

കാമുകൻ്റെ സഹായത്തോടെ ഒന്നരവയസുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന പ്രതി കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി(50)യാണ് മരണപ്പെട്ടത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചായിരുന്നു മരണം. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരിയെ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകൻ ജോണ്‍ ബിനോയ് ഡിക്രൂസ് കൊലപ്പെടുത്തിയത്. പൊലീസ് പറഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു.
കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തന്‍റെ സൂഹൃത്താണ്. മകൻ സജീവന്‍റെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപ്സി പറഞ്ഞത്.
സിപ്സിയെയും കാമുകൻ ബിനോയിയെയും കേസിൽ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായിരുന്ന സിപ്‌സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
കേസിൽ പിടിയിലാകുന്നതിനു മുൻപും സിപ്സി നിരവധി കേസുകളിൽ പ്രതിയായിരുന്നു. മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളാണ് ഇവർക്കെതിരെ നേരത്തെ ഉണ്ടായിരുന്നത്. പൊലീസിൻ്റെ ഗുണ്ടാപട്ടികയിലും സിപ്‌സി ഉൾപ്പെട്ടിരുന്നു.
Story Highlights: baby murder culprit death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here