Advertisement

രണ്ട് മാസം ഭക്ഷണത്തില്‍ ഗുളികകള്‍ കലര്‍ത്തി; ഒടുവില്‍ എലിവിഷം, അമ്മയെ കൊലപ്പെടുത്തിയ മകളെ കുടുക്കിയത് ‘അച്ഛന്റെ സംശയം’

August 25, 2022
2 minutes Read
kunnamkulam Daughter Killed Mother

സ്വത്തിന് വേണ്ടി മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശിയായ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മണി(58) ആണ് മരിച്ചത്. മകള്‍ ഇന്ദുലേഖ(40)യുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് രുഗ്മണിയെ അവശനിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ( kunnamkulam Daughter Killed Mother ).

ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യവിഷബാധയേറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പരിശോധനയില്‍ കരളില്‍ നീര്‍ക്കെട്ട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുന്നത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു. 23ന് രാവിലെ ആറരയോടെ ആണ് രുഗ്മണിയുടെ മരണം. മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മകളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത തോന്നിയ പിതാവ് ചന്ദ്രന്‍ തന്നെയാണ് സംശയം പൊലീസിനോട് തുറന്ന് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചു.

Read Also: തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു

കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണത്തില്‍ ഗുളികകള്‍ കലര്‍ത്തി നല്‍കാറുണ്ടെന്നും മൊഴിയുണ്ട്. ഇതാകാം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൂചന. ചായയില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയതും കരുതിക്കൂട്ടിയാണ്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ട് അമ്മയോട് കയര്‍ക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വത്ത് നല്‍കാന്‍ തയാറാകാതെ വന്നതോടെയാണ് കൊലപാതകത്തിനുള്ള കരുക്കള്‍ നീക്കിയത്. ചന്ദ്രനും രുഗ്മണിക്കും ഇന്ദുലേഖയെ കൂടാതെ മറ്റൊരു മകളുണ്ട്.

ഇവര്‍ തൃശൂര്‍ അഞ്ഞൂരാണ് താമസിക്കുന്നത്. ഇന്ദുലേഖയുടെ ഭര്‍ത്താവ് പ്രവാസിയാണ്. കഴിഞ്ഞ പതിനേഴാം തീയതിയാണ് നാട്ടിലെത്തിയത്. എട്ട് ലക്ഷത്തോളം രൂപയുടെ ബാധ്യത ഇന്ദുലേഖയ്ക്കുണ്ട്. ഇത് വീട്ടാനായി പിതാവ് ചന്ദ്രന്റെ പേരിലുള്ള സ്ഥലം പണയപ്പെടുത്താനായിരുന്നു ശ്രമം. ഇതിന് അമ്മ സമ്മതിക്കാതെ വരുമെന്നതാണ് കൊലയ്ക്കുള്ള ആസൂത്രണത്തിന് കാരണം. അച്ഛന്‍ ചന്ദ്രനും സമാനമായരീതിയില്‍ ഗുളികള്‍ കലര്‍ത്തി നല്‍കിയിരുന്നതായും മൊഴിയുണ്ട്. ശരീരത്തെ ബാധിക്കുന്ന വിഷം ഏതൊക്കെയെന്ന് ഫോണില്‍ ഇന്ദുലേഖ സേര്‍ച്ച് ചെയ്തതിന്റെ ഹിസ്റ്ററിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Story Highlights: ‘Father’s Suspicion’ Traps Daughter Who Killed Mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top