ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്: ഗുജറാത്തിനെ നയിക്കാൻ സെവാഗ്; ഇന്ത്യ ക്യാപിറ്റൽസ് ഗംഭീറിനു കീഴിൽ

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയൻ്റ്സിനെ ഇന്ത്യയുടെ മുൻ താരം വീരേന്ദർ സെവാഗ് നയിക്കും. സെവാഗിനൊപ്പം ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് ഓപ്പൺ ചെയ്തിരുന്ന ഗൗതം ഗംഭീർ ഇന്ത്യ ക്യാപിറ്റൽസിനെയും നയിക്കും. അദാനി ഗ്രൂപ്പാണ് ഗുജറാത്ത് ജയൻ്റ്സിൻ്റെ ഉടമകൾ.
വരുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ നാല് ടീമുകളാണ് ഉണ്ടാവുക. സെപ്തംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ലീഗിൽ ആകെ 16 മത്സരങ്ങളുണ്ടാവും. ലീഗ് മത്സരങ്ങൾ കൊൽക്കത്തയ്ക്കൊപ്പം ലക്നൗ, ന്യൂഡൽഹി, കട്ടക്ക്, ജയ്പൂർ എന്നിവിടങ്ങളിലാണ് നടക്കുക. പ്ലേ ഓഫ് വേദികൾ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ രണ്ടാം എഡിഷനിൽ ഇന്ത്യൻ ലെജൻഡ്സിനെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ നയിക്കും. കഴിഞ്ഞ സീസണിൽ സച്ചിൻ്റെ തന്നെ നായകത്വത്തിൽ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനായാണ് ഇറങ്ങുന്നത്. കാൺപൂർ, റായ്‌പൂർ, ഇൻഡോർ, ഡെറാഡൂൺ എന്നീ നഗരങ്ങളിൽ സെപ്തംബർ 10 മുതൽ ഒക്ടോബർ 1 വരെയാണ് ടൂർണമെൻ്റ്, കാൺപൂരിലാണ് ഉദ്ഘാടന മത്സരം. റായ്പൂരിൽ രണ്ട് സെമിയും ഫൈനലും നടക്കും.
ഇത്തവണ ന്യൂസീലൻഡ് ലെജൻഡ്സ് ടീമും ടൂർണമെൻ്റിൽ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് കഴിഞ്ഞ സീസണിൽ കളിച്ചത്.
Story Highlights: legends league cricket sehwag gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here