ബില്ലുകൾ നേരിട്ട് കണ്ടിട്ടില്ല; ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കും: ഗവർണർ

ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്ന് ബില്ലുകൾ പാസാക്കിയതായി വാർത്തയിലൂടെയാണ് അറിഞ്ഞത്. ബില്ലുകൾ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയെ മറികടന്ന് തീരുമാനങ്ങളെടുക്കാറില്ല. എന്നാൽ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിച്ച് തന്റെ അധികാരം വിനിയോഗിക്കും. ഷൈലജയെ മാഗ്സസെ പുരസ്‌കാരത്തിന് പരിഗണിച്ചെങ്കിൽ അഭിനന്ദനാർഹം. പുരസ്‌കാരം നിരസിച്ചതിന്റെ രാഷ്ട്രീയത്തെ കുറിച്ചു പ്രതികരിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി.
ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ, ഏറെ വിവാദങ്ങളുണ്ടാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ അടക്കം 12 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ബില്ലിൽ ഒപ്പിടുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. ഒപ്പിട്ടില്ലെങ്കിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് കനക്കും. ബില്ലുകളിൽ ഗവർണർ നിയമോപദേശം തേടാനാണ് സാധ്യത. ചൊവ്വാഴ്ചയോടെ ഗവർണറുടെ തീരുമാനം ഉണ്ടായേക്കും.
Story Highlights: Bills will be examined for constitutionality: Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here