കാലിഫോർണിയൻ കാട്ടുതീയിൽ വ്യാപക നാശനഷ്ടം; 100 ഓളം വീടുകൾ കത്തിനശിച്ചു, 2 പേർക്ക് പരുക്ക്

അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ പടർന്ന കാട്ടുതീയിൽ വ്യാപക നാശനഷ്ടം. ആയിരത്തിലധികം ഏക്കറിൽ കാട്ടുതീ പടർന്നു. നൂറോളം വീടുകളും, മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചു. രണ്ടു പേർക്ക് പരുക്കുണ്ട്. ആയിരക്കണക്കിന് ആളുകളെ ഈ ഭാഗത്തുനിന്ന് ഒഴിപ്പിച്ചു.
അപകടകരമായ നിലയിൽ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ അപകടത്തിലാണെന്നും സിസ്കിയോ കൗണ്ടിയിലെ അഗ്നിരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. പ്രദേശം പൂർണമായും അടച്ച് വളർത്തുമൃഗങ്ങൾ അടക്കമുള്ളവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. 2,600 ആളുകൾ താമസിക്കുന്ന വീഡിന് വടക്ക്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതലാണ് മിൽ ഫയർ ആരംഭിച്ചത്.
വളരെ വേഗം തീജ്വാലകൾ ലിങ്കൺ ഹൈറ്റ്‌സ് പരിസരത്തേക്ക് പടർന്നു. വീടുകൾ കത്തിനശിക്കുകയും നിരവധി പേർ ജീവൻ രക്ഷിക്കാൻ പലായനം ചെയ്യുകയും ചെയ്തു. പരുക്കേറ്റ രണ്ട് പേരെ മൗണ്ട് ശാസ്‌തയിലേ മേഴ്‌സി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില തൃപ്തികരമാണ്. എന്നാൽ പൊള്ളലേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.
കാറിക് അഡീഷൻ എന്നറിയപ്പെടുന്ന കിഴക്ക് ഭാഗത്തുള്ള വീഡിലെ കെട്ടിടങ്ങൾ സംരക്ഷിക്കാൻ ജീവനക്കാർ രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് കാൽ ഫയർ സിസ്‌കിയു യൂണിറ്റ് ചീഫ് പറഞ്ഞു. “ഒറ്റരാത്രികൊണ്ട് കാലാവസ്ഥ മെച്ചപ്പെട്ടു, അഗ്നിശമന സേനാംഗങ്ങൾക്ക് 20% നിയന്ത്രണമേർപ്പെടുത്താൻ കഴിഞ്ഞു, എന്നാൽ വീഡിന് വടക്ക് പടിഞ്ഞാറ് വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട മറ്റൊരു തീപിടുത്തം, മൗണ്ടൻ ഫയർ ഗണ്യമായി വർദ്ധിച്ചു. രണ്ട് തീപിടിത്തങ്ങളുടെയും കാരണങ്ങൾ അന്വേഷണത്തിലാണ്.”- ഫിൽ അൻസോ പറഞ്ഞു.
സെപ്റ്റംബറിൽ രാജ്യത്തെ താപനില റെക്കോർഡ് നിലയിൽ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു പതിറ്റാണ്ടായി തുടരുന്ന വരൾച്ച അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില വർധിക്കുന്നതിനും കാട്ടുതീ വ്യാപിക്കുന്നതിനും കാരണമായി.
Story Highlights: California wildfire destroys 100 homes, other buildings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here