Advertisement

‘ഭാരത് ജോഡോ യാത്ര’ നാളെ മുതൽ

September 6, 2022
2 minutes Read

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്ക് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഉദ്ഘാടനം ചെയ്യും. പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലേക്ക് തിരിക്കുക.

‘മൈൽ കദം, ജൂഡെ വതാൻ’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം. കോൺഗ്രസിന്റെ തന്നെ ചരിത്രത്തിൽ ഏറ്റവും വലിയ പദയാത്രയാകും ‘ഭാരത് ജോഡോ യാത്ര’. അഞ്ച് മാസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് രാഹുൽ ഗാന്ധി പര്യടനം നടത്തുക. യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്.

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേരാകും ഉണ്ടാകുക. രാഹുൽ അടക്കമുള്ളവർ ഹോട്ടലുകളിൽ താമസിക്കില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാകും താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്. പദയാത്രയിൽ പങ്കെടുക്കാൻ കന്യാകുമാരിയിലേക്ക് പോകുന്നതിനായി നാളെ ഉച്ചയ്ക്ക് 12ന് രാഹുൽ തിരുവനന്തപുരത്തെത്തും. ചെന്നൈയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പോകും.

10 വരെയാണ് തമിഴ്നാട്ടിലെ പര്യടനം. 11ന് രാവിലെ ഏഴിന് പദയാത്രയ്ക്ക് കേരള അതിർത്തിയായ പാറശാലയിൽ സ്വീകരണം നൽകും. കേരളത്തിൽ 19 ദിവസമാണ് പര്യടനം.തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാത വഴിയും തുടർന്ന് നിലമ്പൂർ വരെ സംസ്ഥാന പാതയിലൂടെയുമാകും യാത്ര കേരളത്തിലൂടെ പോകുന്നത്. 29ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരില്ലൂടെ കർണാടകത്തിലേക്ക് പോകും.

തുടർന്ന്, ആന്ധ്രാപ്രദേശിലെ ആളൂർ, തെലങ്കാനയിലെ വികാരാബാദ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ജൽഗാവ് ജാമോദ്, മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ, രാജസ്ഥാനിലെ ആൽവാർ, ഉത്തർപ്രദേശിലെ ബുലന്ദേശ്വർ, ഡൽഹി, ഹരിയാനയിലെ ആംബാല, പഞ്ചാബിലെ പത്താൻകോട്ട്, എന്നീ പ്രദേശങ്ങൾ സഞ്ചരിച്ച് അവസാനം ജമ്മുവിൽ എത്തും. യാത്രയ്‌ക്ക് പിന്നാലെ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കും.

Story Highlights: Congress’s Bharat Jodo Yatra from September 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top