‘വ്യക്തിഗത ആക്രമണങ്ങളിൽ നിന്ന് നമുക്ക് ക്രിക്കറ്റിനെ അകറ്റിനിർത്താം’; അർഷ്ദീപിനു പിന്തുണയുമായി സച്ചിൻ

ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിംഗിനു പിന്തുണയുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. വ്യക്തിഗത ആക്രമണങ്ങളിൽ നിന്ന് നമുക്ക് ക്രിക്കറ്റിനെ അകറ്റിനിർത്താം എന്ന് സച്ചിൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക് താരം ആസിഫ് അലിയുടെ ക്യാച്ച് നിലത്തിട്ട അർഷ്ദീപിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളാണ് ഉയർന്നത്. ഇതോടെയാണ് യുവതാരത്തിനു പിന്തുണയുമായി സച്ചിൻ രംഗത്തെത്തിയത്. (sachin tendulkar arshdeep singh)
“രാജ്യത്തിനു വേണ്ടി കളിക്കുന്ന എല്ലാ കായികതാരങ്ങളും തങ്ങൾക്ക് കഴിയുന്നതിൻ്റെ പരമാവധി നൽകാറുണ്ട്. അവർക്ക് എപ്പോഴും നമ്മുടെ പിന്തുണ ആവശ്യമുണ്ട്. കായിക രംഗത്ത് ചിലപ്പോൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. വ്യക്തിഗത ആക്രമണങ്ങളിൽ നിന്ന് നമുക്ക് ക്രിക്കറ്റിനെ അകറ്റിനിർത്താം.”- സച്ചിൻ ട്വീറ്റ് ചെയ്തു.
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് കൈവിട്ടതിന് പിന്നാലെ അർഷ്ദീപ് സിംഗിൻറെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാൻ ബന്ധം കൂട്ടിച്ചേർത്ത സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടു. സംഭവത്തിൽ വിക്കിപീഡിയ ഉദ്യോഗസ്ഥരെ ഐടി മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി. അർഷ്ദീപിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ എങ്ങനെ വന്നു എന്ന് വിശദീകരിക്കണമെന്ന് വിക്കിപീഡിയ അധികൃതരോട് കേന്ദ്രം ആവശ്യപ്പെട്ടു.
Read Also: ഏഷ്യാ കപ്പ്: ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ; ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
അർഷ്ദീപ് സിംഗിനു പിന്തുണയുമായി ബോക്സിംഗ് താരം വിജേന്ദർ സിംഗും ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിംഗും രംഗത്തുവന്നു. പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും എന്ന് വിജേന്ദർ അർഷ്ദീപിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. പാക് താരം ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടതിനു പിന്നാലെ അർഷ്ദീപിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജേന്ദറിൻ്റെ ട്വീറ്റ്.
മത്സരഫലത്തിൽ ആസിഫ് അലിയുടെ പാഴാക്കിയ ക്യാച്ച് ഏറെ നിർണായകമായിരുന്നു. 18ആം ഓവറിൽ യുവ സ്പിന്നർ രവി ബിഷ്ണോയ്‌യെ ആക്രമിക്കാൻ ശ്രമിച്ച ആസിഫിൻ്റെ അനായാസ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ അർഷ്ദീപിനു സാധിച്ചില്ല. ക്യാച്ച് പാഴാക്കുമ്പോൾ ആസിഫ് അലിയുടെ വ്യക്തിഗത സ്കോർ 2 ആയിരുന്നു. പിന്നീട് 8 പന്തുകളിൽ 16 റൺസെടുത്ത ആസിഫ് അലി പാക് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Story Highlights: sachin tendulkar supports arshdeep singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here