കുഞ്ഞിനെ ആക്രമിച്ച് കടുവ; വെറും കയ്യോടെ പൊരുതി രക്ഷപ്പെടുത്തി അമ്മ

കടുവയുടെ ആക്രമണത്തിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ഒരമ്മ. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ തൻ്റെ കുഞ്ഞിനെ കടുവയിൽ നിന്ന് അർച്ചന ചൗധരി എന്ന യുവതി രക്ഷപ്പെടുത്തിയെടുത്തത്. കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ അർച്ചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കുകളോടെ കുഞ്ഞും അമ്മയും രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ ബന്ധവ്‌ഗർ കടുവാസങ്കേതത്തിനു സമീപമാണ് സംഭവം. അർച്ചന പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെ കുറ്റിക്കാട്ടിൽ നിന്ന് കടുവ ചാടിവീണ് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കടുവ കുഞ്ഞിൻ്റെ തലയ്ക്ക് കടിച്ച് വലിക്കാൻ ശ്രമിച്ചു. ഇത് കണ്ട കണ്ട അർച്ചന കടുവയുമായി മല്ലിടുകയായിരുന്നു. തൻ്റെ ജീവൻ പോലും തൃണവൽഗണിച്ച് വെറും കയ്യോടെയാണ് അർച്ചന കടുവയുമായി മല്പിടുത്തം നടത്തിയത്. ഇതിനിടെ ഇവർ സഹായാഭ്യർത്ഥനയ്ക്കായി അലമുറയിടുകയും ചെയ്തു. അലമുറ കേട്ട് ആളുകൾ ഓടിക്കൂടി അർച്ചനയെ സഹായിക്കുകയായിരുന്നു. നാട്ടുകാർ കമ്പുകളും മറ്റുമായെത്തി കടുവയെ തുരത്തിയോടിച്ചു.
അമ്മയുടെ ഒരു ശ്വാസകോശത്തിനു പരുക്കുണ്ട്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്. അതേസമയം, കുഞ്ഞിൻ്റെ തലയിൽ മുറിവുകളുണ്ട്. കുഞ്ഞിൻ്റെ പരുക്കുകൾ നിസാരമാണെന്നും അമ്മയുടെ പരുക്കുകൾ ഗുരുതരമാണെന്നും ഡോക്ടർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: mother fighting save baby tiger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here