Advertisement

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: സുതാര്യതയിൽ സംശയം പ്രകടിപ്പിച്ച് വിമത നേതാക്കൾ

September 10, 2022
2 minutes Read

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാടിനെതിരെ വിമത നേതാക്കൾ രംഗത്ത്. ശശി തരൂർ ഉൾപ്പെടെ ആറ് വിമത നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത് നൽകി.

തരൂരിനെക്കൂടാതെ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലൈ, അബ്ദുൽ ഖാർക്വീ തുടങ്ങിയവരും സെപ്റ്റംബർ ആറിന് മിസ്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഏകീകരിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ല എന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഇല്ലാതാക്കുന്നുവെന്ന് കത്തിൽ വിമത നേതാക്കൾ ആരോപിച്ചു.

ആവശ്യമുള്ള എല്ലാവർക്കും പരിശോധിക്കാൻ സാധ്യമാകുന്ന വിധത്തിൽ വോട്ടർപട്ടിക ലഭ്യമാക്കണമെന്നും ആറ് വിമത നേതാക്കൾ. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാട് സംശയമുണ്ടാക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു.

എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിക്കാണ് കത്ത് അയച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിൽ തെറ്റായ ഇടപെടൽ നടന്നത് നിർഭാഗ്യകരമാണെന്നും അവർ കത്തിൽ പറയുന്നു.

‘‘പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല പറയുന്നത്. നാമനിർദേശ പ്രക്രീയകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ), ഇലക്ടറൽ കോളജിൽ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ആരൊക്കെയാണ് നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാൻ ഇതുവഴി സാധിക്കും.

പട്ടിക പുറത്തുപോകുന്നതിൽ ആശങ്കയുണ്ടെങ്കിൽ അതിലെ വിവരങ്ങൾ വോട്ടവകാശം ഉള്ളവരിലേക്കും സ്ഥാനാർഥികളാകാൻ കാത്തിരിക്കുന്നവരിലേക്കും കൃത്യമായി എത്തിക്കണം. വോട്ടവകാശം ഉള്ളവരും സ്ഥാനാർഥികളാകാൻ ഇരിക്കുന്നവരും അതു പരിശോധിക്കാൻ പിസിസികളിലേക്കു എത്തണമെന്നതു ചിന്തിക്കാനാകില്ല. ഈ ആവശ്യം അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ഞങ്ങളുടെ ഉത്കണ്ഠ അവസാനിക്കുമെന്നും’’ എംപിമാർ കത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്റ്റംബർ 22ന് പുറത്തുവരും. 24 മുതൽ 30 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 8 ആണ്. 17ന് തെരഞ്ഞെടുപ്പ് നടക്കും. 19ന് ഫലപ്രഖ്യാപനം.

Story Highlights: Party chief polls: Tharoor, five other Cong MPs seek transparency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top