തിയേറ്ററുകളിൽ മായാജാലം തീർത്ത് ‘പത്തൊൻപതാം നൂറ്റാണ്ട്’; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് വിനയൻ, പ്രശംസിച്ച് മേജർ രവി

ഗോകുലം മൂവീസിന്റെ ബാനറിൽ സിജു വില്‍സണെ നായകനാക്കി വിനയൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിന്’ തിയേറ്ററുകൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരുവോണ ദിനത്തിൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ മായാജാലം തീർത്ത് മുന്നേറുകയാണ്. ഇപ്പോൾ ഇതാ ആരാധകരുടെ ആവേശം നേരിൽ കണ്ടറിഞ്ഞ് പ്രേക്ഷകർക്കൊപ്പം ചേരാൻ നേരിട്ടെത്തിയിരിക്കുകയാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’ ടീം.
സംവിധായകൻ വിനയൻ, നായകൻ സിജു വിൽസൺ, നായിക കയാദു ലോഹർ തുടങ്ങിയവരാണ് പ്രേക്ഷകർക്കൊപ്പം സിനിമ ആസ്വദിക്കാൻ എത്തിയത്. മജസ്റ്റിക് ഞാറക്കൽ, എം സിനിമാസ് വരാപ്പുഴ, പിവിആർ സിനിമാസ് എന്നിവിടങ്ങളിലാണ് സംഘം എത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിനെ ഏറ്റെടുത്ത പ്രേക്ഷകർക്ക് സംവിധായകൻ വിനയൻ നന്ദി അറിയിച്ചു.
“മലയാള സിനിമയ്‌ക്കൊരു പുതിയ ആക്ഷൻ ഹീറോയെ സമ്മാനിക്കാൻ കഴിഞ്ഞു. സിജുവിന് ഈ കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം. നായിക കയാദുവിനെ മലയാള സിനിമ സ്വീകരിച്ചു കഴിഞ്ഞു. മലയാളത്തിൽ നിന്നും കൂടുതൽ ചിത്രങ്ങൾ കയാദുവിനെ തേടിയെത്തും. സിനിമയെ സ്വീകരിച്ച എല്ലാവക്കും നന്ദി” – വിനയൻ കൂട്ടിച്ചേത്തു.
പത്തൊൻപതാം നൂറ്റാണ്ടിനേയും നായകൻ സിജു വിൽസനെയും അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവിയും രംഗത്തെത്തി. സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജു എന്ന നടനെവച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും, സിജു അതിനോട് പുലർത്തിയ നീതിയുമാണ് എടുത്തുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിജു ശരിക്കും അദ്ഭുതപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്ലൊരു വാഗ്ദാനമാണ് സിജു എന്നത് ഉറപ്പാണെന്നും മേജർ രവി പറഞ്ഞു.
ഓണകാലത്തെ മറ്റ് റിലീസുകൾ റിയലിസ്റ്റിക് ഡ്രാമ ഗണത്തിൽ പെടുന്നവയാണ്. അതിനിടയിൽ പീരിയഡ് ഡ്രാമ ആയി കുടുംബങ്ങൾക്ക് മുന്നിലേക്ക് ‘പത്തൊൻപതാം നൂറ്റാണ്ട്’ പുറത്തിറങ്ങുന്നത്. സിജു വിൽസൺ, അനൂപ് മേനോൻ, സുദേവ് നായർ, സുധീർ കരമന, ഇന്ദ്രൻസ്, ദീപ്തി സതി, അലൻസിയർ, പൂനം ബജവാ, കയാഡു ലോഹർ, മാധുരി, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ ഉണ്ട്. ചിത്രത്തിലെ പാട്ടുകൾ ദൃശ്യസമൃദ്ധി കൊണ്ട് വൻ ശ്രദ്ധ നേടി. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചത്. വി.സി. പ്രവീണും ബൈജു ഗോപാലനുമാണ് സഹ നിർമാതാക്കൾ.
Story Highlights: pathonpatham noottandu response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here