ബ്രിട്ടീഷ് കോളനിയിലെ കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന എലിസബത്ത് രാജ്ഞി; വിഡിയോയുടെ സത്യാവസ്ഥ ഇതാണ്

എലിസബത്ത് രാജ്ഞിയും മറ്റൊരു യുവതിയും ചേർന്ന് ഭക്ഷണമെന്ന് കരുതപ്പെടുന്ന എന്തോ ഒന്ന് കുട്ടികൾക്ക് നേരെ എറിഞ്ഞുകൊടുക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.( Woman throwing money at colonised kids is NOT Queen Elizabeth ).
സ്ത്രീകളിൽ ഒരാൾ എലിസബത്ത് രാജ്ഞിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്. ഈ വിഡിയോ ആഫ്രിക്കയിലെ ബ്രിട്ടീഷ് കോളനികളിലൊന്നിൽ നിന്നുള്ളതാണെന്നാണ് പറയുന്നത്. വാസ്തവത്തിൽ വിഡിയോയിൽ കാണുന്ന സ്ത്രീ എലിസബത്ത് രാജ്ഞിയല്ല.
ഈ വിഡിയോ ബ്രിട്ടീഷ് ഭരണം വരുന്നതിനും രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. വീഡിയോയിൽ നിന്നുള്ള ഫ്രെയിമുകളിലൊന്നിന്റെ സ്‌ക്രീൻഷോട്ട് കാറ്റലോഗ് ലൂമിയർ എന്ന ഫ്രഞ്ച് വെബ്‌സൈറ്റിലുണ്ട്. ഇത് ഫ്രാൻസിലെ ലിയോണിലുള്ള ലൂമിയർ കമ്പനി നിർമ്മിച്ച സിനിമയാണ്.
Read Also: എലിസബത്ത് രാജ്ഞിയുടെ വിയോഗം; ഇന്ത്യയിൽ നാളെ ദുഃഖാചരണം
ഈ സ്‌ക്രീൻഷോട്ട് ഗബ്രിയേൽ വെയറിന്റെ ഒരു സിനിമയിൽ നിന്നുള്ളതാണെന്നാണ് കാറ്റലോഗ് ലൂമിയർ എന്ന ഫ്രഞ്ച് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നത്. 1899 നും 1900 നും ഇടയിൽ ഫ്രഞ്ച് കോളനിയായ അന്നം, ഇപ്പോഴത്തെ വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ഇത് ചിത്രീകരിച്ചത്. 1901 ജനുവരി 20-ന് ഫ്രാൻസിലെ ലിയോണിലാണ് ഇത് പ്രദർശിപ്പിച്ചത്. “Indo-Chine: Annamese children picking up cash in front of the ladies’ pagoda” എന്ന പേരിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. സ്ത്രീകളുടെ ആരാധനാലയത്തിന് മുന്നിൽ വെച്ച് കുട്ടികൾ പണം പെറുക്കി എടുക്കുന്ന സിനിമയിലെ ദൃശ്യങ്ങളാണിത്.
1897 മുതൽ 1902 വരെ ഫ്രഞ്ച് ഇൻഡോ-ചൈന ഗവർണർ ജനറലായിരുന്ന ജോസഫ് അത്തനാസെ പോൾ ഡൗമറിന്റെ ഭാര്യ മാഡം പോൾ ഡൗമറും അവരുടെ മകളുമാണ് വിഡിയോയിൽ കാണുന്ന സ്ത്രീകളെന്ന് കാറ്റലോഗ് ലൂമിയർ എന്ന ഫ്രഞ്ച് വെബ്‌സൈറ്റിൽ പറയുന്നു.
Story Highlights: Woman throwing money at colonised kids is NOT Queen Elizabeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here