രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന കണ്ടെയ്നറുകൾ; ഇതിനകത്ത് എന്താണ് ? ആ കാഴ്ച കാണാം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന കണ്ടെയ്നറുകൾ ഇതിനോടകം തന്നെ വാർത്ത കേന്ദ്രമാണ്. കണ്ടെയ്നർ യാത്ര എന്നും, ആർഭാട കണ്ടെയ്നറുകൾ എന്നുമാണ് രാഷ്ട്രീയ ആരോപണം. ഈ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് കൊല്ലം ബ്യൂറോ. ( what is inside rahul gandhi bharat jodo container )
ആകെയുള്ളത് 60 കണ്ടെയ്നറുകളാണ്. ഒരു കിടക്കയുള്ള കണ്ടെയ്നറുകൾ മുതൽ 12 കിടക്ക ഉള്ളവ വരെ ഉണ്ട്. ആകെ 230 പേർക്ക് കണ്ടെയ്നറുകളിലായി താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കണ്ടെയ്നറുകൾ എയർ കണ്ടീഷനാണ്. സാധാരണ കിടക്കയും മെത്തയും അടുക്കി ഇട്ടിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ ചെറിയ അലമാര. ചില കണ്ടെയ്നറുകളിൽ ശുചിമുറി ഒരുക്കിയിട്ടുണ്ട്. അതില്ലാത്ത കണ്ടെയ്നറുകളിൽ ഉള്ളവർക്ക് ഉപയോഗിക്കാൻ ശുചിമുറികൾ മാത്രം ക്രമീകരിച്ച പ്രത്യേക കണ്ടെയ്നറും ഉണ്ട്. കണ്ടെയ്നർ ജീവിതം വ്യത്യസ്തമായ അനുഭവമാണെന്ന് പദയാത്രികരും പറയുന്നു.
ഓരോ കണ്ടയ്നറിനും പുറത്ത് വിവിധ ഭാഷകളിൽ ജാഥയുടെ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നു. ജാഥയ്ക്കൊപ്പം അനുഗമിക്കുന്ന 10 അംഗ മെഡിക്കൽ സംഘവുമായി പ്രത്യേക കണ്ടെയ്നറും ഉണ്ട്. ഓരോ ദിവസവും ജാഥ അവസാനിക്കുന്ന പോയിന്റിൽ കണ്ടെയ്നറുകൾ നേരത്തെ എത്തും. വ്യത്യസ്ത സംസ്കാരങ്ങളുള്ളവർ , ഭാഷ സംസാരിക്കുന്നവർ അവർ ഒന്നിച്ചു ഒരിടത്തുറങ്ങും, ഭക്ഷണം കഴിക്കും, വസ്ത്രമലക്കി കണ്ടെയ്നറിന് പുറത്ത് ഉണക്കാനിടും. അതിനപ്പുറം ആക്ഷേപിക്കപ്പെട്ട ആർഭാടങ്ങളൊന്നും കണ്ടെയ്നറിനുള്ളിൽ ഇല്ല.
Story Highlights: what is inside rahul gandhi bharat jodo container
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here