ദേശീയ ഗെയിംസിൽ ആദ്യമായി സ്കേറ്റിങ്ങ്; മെഡൽ പ്രതീക്ഷയുമായി കേരള ടീമിൻ്റെ പരിശീലനം

ആദ്യമായി ദേശിയ ഗെയിംസിൽ ഉൾപ്പെടുത്തിയ സ്കേറ്റിങ് മത്സരത്തിൽ മെഡൽ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീമിന്റെ പരിശീലനം. പത്തനംതിട്ട വാഴമുട്ടം സ്പോർട്സ് വില്ലേജിലാണ് കേരളാ സ്കേറ്റിങ് ടീമിന്റെ പരിശീലനം നടക്കുന്നത്. സ്കേറ്റിങ് മത്സരത്തിലെ ലോക ചാമ്പ്യൻ ഉൾപ്പെടെ കേരളാ ടീമിൻ്റെ ഭാഗമാണെന്നത് ടീമിന്റെ ആത്‌മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.
ആത്മവിശ്വാസും, മികച്ച പരിശീലനവുമായാണ് കേരളാ ടീം ദേശിയ ഗെയിംസിലെ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. പത്തനംതിട്ട വാഴമുട്ടത്ത് നടക്കുന്ന ക്യാമ്പിൽ 20 പേരാണുള്ളത്. ഒരുമാസം കൊണ്ട് സ്കേറ്റിങ് താരങ്ങൾ തങ്ങളുടെ കഴിവുകൾ തേച്ചുമിനുക്കി കഴിഞ്ഞു. സ്പെയിൻ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കപ്പുയർത്തിയ അഭിജിത്ത് അമൽരാജ് ഉൾപ്പെടെ കേരളാ ടീമിലെ താരങ്ങളെല്ലാം ദേശിയ അന്തർദേശീയ മത്സരങ്ങളിലെ മിന്നും താരങ്ങളാണ്. ദേശിയ ഗെയിംസിൽ കേരളത്തിനായി മികച്ച പ്രകടനം നടത്താന ഒരുങ്ങിക്കഴിഞ്ഞു താരങ്ങൾ. ഒരുമാസമായി സ്കേറ്റിങ് താരങ്ങൾ കഠിന പരിശീലനത്തിലാണെന്നും കേരളത്തിന്റെ കുട്ടികൾ അഭിമാനമാകുമെന്നും കോച്ച് ബിജു പറഞ്ഞു.
ആർട്ടിസ്റ്റിക് സ്കേറ്റിങ്, സ്ലാലം സ്കേറ്റിങ്, ബോർഡ് സ്കേറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് കേരള താരങ്ങൾ മത്സരിക്കുക. സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ് ഈ താരങ്ങൾ എല്ലാം ദേശിയ ഗെയിംസിനായി തയ്യാറെടുപ്പ് നടത്തുന്നത്. ഈമാസം 26 ന് മത്സരങ്ങൾക്കായി കേരളാ ടീം ഗുജറാത്തിലേക്ക് യാത്രതിരിക്കും.
Story Highlights: national games skating kerala team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here