കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്ക്കാരം ഇന്ന്

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി അഭിരാമിയുടെ സംസ്ക്കാരം ഇന്ന്. സർക്കാർ നയത്തിന് വിരുദ്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്തെങ്കിൽ നടപടിയെന്ന് സഹകരണ വകുപ്പ് അറിയിച്ചു. അഭിരാമിയുടെ മരണത്തിൽ വിവിധ യുവജന സംഘടനകളുടെ പ്രതിഷേധം ഇന്ന് നടക്കും.
ശൂരനാട് തെക്ക് അജി ഭവനത്തിൽ അജിയുടെയും ശാലിനിയുടെയും ഏക മകൾ അഭിരാമിയുടെ മരണം നാടിനെ തന്നെയാണ് ദു:ഖത്തിലാക്കിരിക്കുന്നത്. 2019 -ൽ സെപ്റ്റംബറിലാണ് വീട് പണിയുന്നതിനായി 10 ലക്ഷം രൂപ കേരള ബാങ്കിൽ നിന്ന് അജികുമാർ വായ്പ എടുത്തത്. തുടർന്ന് കൊവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങി. പിന്നാലെ അഭിരാമിയുടെ അമ്മയ്ക്ക് ഉണ്ടായ അപകടവും കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുകയായിരുന്നു. പിന്നാലെയാണ് ഇന്നലെ ചെങ്ങന്നൂരിലെ ബന്ധുവിൻ്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കവേ വീട്ടിൽ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിപ്പിച്ച വിവരം അഭിരാമിയും മാതാപിതാക്കളും അറിയുന്നത്. ബാങ്കിൽ എത്തിയ അഭിരാമിയും കുടുംബവും ഉദ്യോഗസ്ഥരെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അഭിരാമിയെ വീട്ടിൽ ആക്കിയ ശേഷം അജിയും ശാലിനിയും ബാങ്ക് അധികൃതരെ കാണാൻ പോയതിന് പിന്നാലെയാണ് അഭിരാമി വീട്ടിലെ മുറിയിൽ തൂങ്ങി മരിക്കുന്നത്. ഈ സമയം അഭിരാമിയും മുത്തശ്ശി ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് അഭിരാമി ആത്മഹത്യ ചെയ്ത വിവരം അജിയും ശാലിനിയും അറിയുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. അഭിരാമിയുടെ മരണത്തിൽ വിവിധ യുവജന സംഘടനകൾ ഇന്ന് പ്രതിഷേധങ്ങൾക്കും ആഹ്വാനം ചെയ്തു.
Story Highlights: kerala bank confiscation abhirami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here