Advertisement

‘ആത്മഹത്യ ചെയ്‌തെങ്കിലും സമൂഹത്തില്‍ നിന്ന്‌ ഓടി രക്ഷപ്പെടണമെന്നുണ്ടായിരുന്നു’; പൊള്ളുന്ന ബാല്യാനുഭവം പങ്കുവച്ച് കുറിപ്പ്

September 22, 2022
2 minutes Read
deepa devi viral fb post about abhirami

ബാങ്കിന്റെ നിയമനടപടിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ശൂരനാട് സ്വദേശി അഭിരാമി എന്ന പെണ്‍കുട്ടി ഒരു നോവാണ്. സമൂഹത്തിലെ വിവിധ തലങ്ങള്‍ക്കിടയില്‍ സാധാരണക്കാരന്റെ പ്രാരാബ്ധത്തെ പ്രതിനിധീകരിക്കുന്ന ജപ്തി എന്ന കണ്ടുകെട്ടലിനെ നേരിടാന്‍ ആ പെണ്‍കുട്ടിക്കായിരുന്നില്ല. അഭിരാമിയെ പോലെ ഒരു കുട്ടിക്കാലം തന്റെ ജീവിതത്തിലുണ്ടായിരുന്നെന്ന ഓര്‍മ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് കോഴിക്കോട് ജില്ലാ ഇര്‍ഫര്‍മേഷന്‍ ഓഫീസറായ ദീപാ ദേവി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് തന്റെ ജീവിതാനുഭവം ദീപാ ദേവി വിവരിക്കുന്നത്.

കുറിപ്പ്;

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ പതിമൂന്നാം വയസ്സില്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിക്കാന്‍ ബാങ്കുകാര്‍ വരുമ്പോള്‍ നാട്ടുകാര്‍ അത് നോക്കി നില്‍ക്കുമ്പോള്‍ ആത്മഹത്യ ചെയ്‌തെങ്കിലും ഈ വൃത്തികെട്ട സമൂഹത്തില്‍ നിന്നും ഓടി രക്ഷപ്പെടണമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്ത ഒരു ദിവസമുണ്ടായിരുന്നു. അഭിരാമിയെപ്പോലെ … അന്ന് അഞ്ചാം ക്ലാസ് മുതല്‍ എല്ലാ വര്‍ഷവും സ്‌കൂള്‍ ഫസ്റ്റ് ആണ്. മൂന്ന് രൂപ ഫീസ് കൊടുക്കാന്‍ പോലും വീട്ടുകാര്‍ തരാതിരുന്നപ്പോള്‍ അത് അടച്ചത് വരദേശ്വരി ടീച്ചര്‍ ആയിരുന്നു. വരദേശ്വരി കെ…..

എല്ലാ കുട്ടികളും ട്യൂഷന് പോകുമ്പോള്‍ കച്ചവടം നഷ്ടത്തിലായി തെക്ക് വടക്ക് നടന്നിരുന്ന അച്ഛന് വിഷമമാകുമെന്ന് കരുതി ഞാന്‍ പ്രയാസമുള്ള വിഷയത്തിന് പോലും ട്യൂഷന്‍ വേണമെന്ന് പറഞ്ഞിരുന്നില്ല. മിക്ക വിഷയങ്ങള്‍ക്കും ഫുള്‍ മാര്‍ക്ക്. ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞാല്‍ പിന്നെ നിരാശയും സങ്കടവുമായിരുന്നു. എല്ലാ കുട്ടികളും ലേബര്‍ ഇന്ത്യ വാങ്ങിച്ചപ്പോള്‍ എനിക്ക് അത് വാങ്ങാനും പണമില്ലായിരുന്നു. പക്ഷേ വരദേശ്വരി ടീച്ചര്‍ അതും വാങ്ങിത്തന്നു.

Read Also: ജപ്തി നോട്ടീസ് നൽകി, കൊല്ലത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

അങ്ങനെ വളരെ കഷ്ടപ്പെട്ട് മുന്നോട്ട് പോകുമ്പോഴാണ് ഒരു പതിനായിരം രൂപയുടെ ലോണ്‍ മുടങ്ങിയതിന് വീട്ടില്‍ ജപ്തി നോട്ടീസ് വന്നത്. അതും പിടിച്ച് തകര്‍ന്നിരിക്കുന്ന അച്ഛനെയും അമ്മയെയും ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. അച്ഛന്‍ അന്ന് തന്നെ പോയി ബാങ്ക് മാനേജരുടെ കാല് പിടിച്ചു കരഞ്ഞു. രാത്രി വീട്ടില്‍ വന്ന് മക്കള്‍ ഉറങ്ങിയോ എന്നുറപ്പ് വരുത്തിയ ശേഷം അമ്മയോട് പറയുന്ന സംഭവങ്ങള്‍ ഉറക്കം നടിച്ച് കിടന്ന ഞാന്‍ കേട്ടു. മൂത്ത കുട്ടിയായ എനിക്ക് ഉറക്കം വന്നതേയില്ല. അന്നത്തെ ചില സിനിമകളില്‍ ചെണ്ടകൊട്ടി നാട്ടുകാരെ അറിയിച്ച് വീട് ജപ്തി ചെയ്യുന്ന ചില സീനുകള്‍ ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നില്‍ ചെണ്ടകൊട്ടലിന് നടുവില്‍ എന്റെ പ്രിയപ്പെട്ട വീട്ടില്‍ ആരൊക്കെയോ കയറി ഞാന്‍ സൂക്ഷിച്ച എന്റെ പ്രിയപ്പട്ട സാധനങ്ങള്‍ പുറത്തേക്കെറിയുന്നതും പുസ്തകങ്ങള്‍ ചവിട്ടി കൂട്ടുന്നതും ഞാന്‍ സ്വപ്നം കണ്ട് ആശങ്കയോടെ സ്‌കൂളില്‍ പോയി.

സ്‌കൂള്‍ വിട്ട് വരുമ്പോള്‍ വീട്ടില്‍ ഈ പറഞ്ഞ സംഭവങ്ങള്‍ നടന്നു കാണുമോ എന്ന് ഓരോ ദിവസവും പേടിച്ചു. എന്നാലും ഒരു മാര്‍ക്കിന് പോലും ആരുടെയും മുന്നില്‍ പരാജയപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധി എനിക്കുണ്ടായിരുന്നു. ബന്ധുക്കള്‍ ആരും തന്നെ ഞങ്ങളുടെ സമീപത്തേക്ക് പോലും വന്നില്ല. അച്ഛന്‍ കയറിച്ചെല്ലുമ്പോള്‍ അവിടെ വീട്ടുകാരന്‍ ഇല്ലെന്ന് വീട്ടിലെ സ്ത്രീകള്‍ നുണ പറഞ്ഞു. അത് കേള്‍ക്കുമ്പോഴേ അച്ഛന് കാര്യം മനസ്സിലാവുന്നതുകൊണ്ട് വേഗം തിരിച്ചു വരും. ഞങ്ങളെ കാണുന്നിടത്തൊക്കെ വെച്ച് ബന്ധുക്കള്‍ കളിയാക്കി. കാരണം ഞാന്‍ അന്നും വലിയ സ്‌റ്റൈലിലാണ് നടന്നിരുന്നത്.

വീട്ടില്‍ ഇല്ലാത്തത് നാട്ടുകാര്‍ അറിയരുതെന്ന അച്ഛന്റെ അഭിമാനം മകള്‍ക്കും കിട്ടിയിരുന്നു. ആരുടെ മുന്നിലും തലകുനിക്കരുതെന്ന് അച്ഛന്‍ ഇടയ്ക്കിടെ മകളെ ഉപദേശിക്കും. ഒരു പക്ഷേ ആ ഉപദേശങ്ങളാണ് എന്നെ പതിമൂന്നാം വയസ്സിലെ ആത്മഹത്യയില്‍ നിന്നും തിരികെ വിളിച്ചത്. അച്ഛന്‍ ഏതോ സുഹൃത്തിനോട് പണം കടം വാങ്ങി കുറച്ച് പൈസ ബാങ്കിലടച്ച് മാനേജരുടെ കാല് പിടിച്ച് കരഞ്ഞു. ”എനിക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. അവര്‍ വഴിയാധാരമാവും. വീട് വിറ്റാണെങ്കിലും പണം തിരിച്ചടച്ചോളാം. സാവകാശം തരണം’…

Read Also: അഭിരാമിയുടെ ആത്മഹത്യ; കുടുംബത്തിന് ആവശ്യമായ സഹായം സർക്കാർ ചെയ്യുമെന്ന് കോവൂർ കുഞ്ഞുമോൻ

അച്ഛന്റെ ദയനീയാവസ്ഥ കണ്ട് അദ്ദേഹം ഉള്ള പണം വാങ്ങി വെച്ച് ആറ് മാസത്തിനകം പണം തിരിച്ചടയ്ക്കാനുള്ള സാവകാശം നല്‍കി. പിന്നെ ആറ് മാസം കഴിഞ്ഞിട്ടും വീട് വില്‍ക്കാന്‍ കഴിഞ്ഞില്ല. പഴയ തറവാട് മോഡല്‍ വീടിനോട് ചേര്‍ന്ന് കുളവും ഉണ്ടായിരുന്നു. അച്ഛച്ഛന്‍ പണി കഴിപ്പിച്ച അച്ഛന്‍ ജനിച്ചു വളര്‍ന്ന തറവാട് വീടിന് ജപ്തി നോട്ടീസ് കിട്ടിയതറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ കളിയാക്കി ചിരിച്ചു. ചിലര്‍ വീട് വാങ്ങാന്‍ വരുന്നവരെ തിരിച്ചയച്ചു. ബാങ്കില്‍ നിന്നും വീണ്ടും നോട്ടീസ് വന്നു. ഒടുവില്‍ പതിനായിരം രൂപയ്ക്ക് പകരം മുപ്പതിനായിരത്തിലധികം രൂപ അടയ്ക്കാന്‍ അച്ഛന്‍ വീട് പണയത്തിന് (ഒറ്റിയ്ക്ക്) കൊടുത്തു. ഒരു വര്‍ഷത്തിന് ശേഷം കിട്ടിയ വിലയ്ക്ക് ആ വീട് വിറ്റു.

Read Also:ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല; അഭിരാമിയുടെ ആത്മഹത്യയുടെ കാരണം വിശദമായി അന്വേഷിക്കണമെന്ന് കേരള ബാങ്ക് പ്രസിഡന്റ്

എന്റെ പ്രിയപ്പെട്ട വീട് പതിനാലാം വയസ്സില്‍ മറ്റാരുടെതോ ആയി. ഞങ്ങള്‍ സ്ഥിരം വാടകക്കാരായി….
ഇപ്പോള്‍ ആ വീട് തിരിച്ചു പിടിച്ചില്ലെങ്കിലും ബാക്കിയെല്ലാം സ്വന്തമായി. വീടും സ്ഥലവും ഇഷ്ടം പോലെ. അന്ന് അച്ഛന്‍ കാണിച്ച മനോധൈര്യം അതിന് അമ്മ കൊടുത്ത പിന്തുണ അതൊക്കെയാണ് ഇന്നത്തെ എന്നിലേക്ക് പടരുന്ന ശക്തികള്‍. അഭിരാമിയെ കണ്ടപ്പോള്‍ അന്നത്തെ ആ പതിമൂന്ന് വയസ്സുകാരിയെ ഞാന്‍ വെറുതെ ഓര്‍ത്തു പോയി.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതൊരു വല്ലാത്ത അവസ്ഥയാണ്. പിടിച്ചു നില്‍ക്കാന്‍ വലിയ മനശക്തി തന്നെ വേണം. അഭിരാമി നിന്റെ വേദന മനസ്സിലാക്കുന്നു. എന്നാലും വേണ്ടായിരുന്നു മോളേ…’

Story Highlights: deepa devi viral fb post about abhirami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top