മരിച്ചെന്ന് കരുതിയ വയോധിക സ്വന്തം മരണാനന്തര പൂജയ്ക്കിടെ മടങ്ങിയെത്തി; മകന്‍ സംസ്‌കരിച്ചത് റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം

മരിച്ചത് അമ്മയെന്ന് കരുതി മകന്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സംസ്‌കരിച്ചു. ചെന്നൈയ്ക്കടുത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്രയുടേതെന്ന് കരുതി മറ്റൊരു മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരത്തിന് മൂന്ന് ദിവസങ്ങള്‍ക്കുശേഷം മരണാനന്തര പൂജകള്‍ നടക്കുന്നതിനിടെ ചന്ദ്ര വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. (A day after being buried, 72-yr-old woman returns home near Chennai)
22 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ ചന്ദ്ര സ്ഥിരമായി പോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോയ ചന്ദ്രയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.
തൊട്ടടുത്തുള്ള റെയില്‍വേട്രാക്കില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസാണ് വടിവേലുവിനെ വിവരമറിയിച്ചത്. ഇത് തന്റെ അമ്മയുടേതെന്ന് ഉറപ്പിച്ച വടിവേലു മൃതദേഹവുമായി വീട്ടിലെത്തുകയും സംസ്‌കരിക്കുകയുമായിരുന്നു.
വ്യാഴാഴ്ച ചന്ദ്ര വീട്ടിലെത്തിയതും വീടിനടുത്ത് മതിലില്‍ പതിപ്പിച്ചിരിക്കുന്ന സ്വന്തം മരണവാര്‍ത്തയുടെ പോസ്റ്റര്‍ കണ്ട് നടുങ്ങിപ്പോയി. വീട്ടുകാരും ചന്ദ്രയെ കണ്ട് ഞെട്ടി. മറ്റ് ജില്ലകളിലെ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയതുകൊണ്ടാണ് ചന്ദ്ര വീട്ടിലെത്താന്‍ വൈകിയത്. പിഴവ് മനസിലാക്കിയ പൊലീസും വീട്ടുകാരും കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്.
Story Highlights: A day after being buried, 72-yr-old woman returns home near Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here