മുത്തശ്ശി വിളമ്പിയ ചോറുണ്ട ശേഷം ദാരുണമായ കൊലപാതകം; വയോധിക ചോരവാര്‍ന്ന് കിടക്കുമ്പോഴും ടി വി കണ്ട് രസിച്ച് ചെറുമകന്‍

കടം വാങ്ങിയ പണം തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചെന്നൈ കൊറുക്കുപേട്ടിലാണ് സംഭവം. കൊറുക്കുപേട്ട് സ്വദേശിയായ വിശാലാക്ഷിയെ(70) ചെറുമകന്‍ സതീഷാണ് ( 28) കൊലപ്പെടുത്തിയത്. ഇയാളെ ആര്‍ കെ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. (Chennai Man kills grandma, watches tv as she bleeds to death)
സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്: കൊറുക്കുപേട്ടിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന വിശാലാക്ഷിയുടെ വീട്ടിലേക്ക് ചൊവ്വാഴ്ച മകളുടെ മകനായ സതീഷ് എത്തുന്നു. മുന്‍പ് ഒരാവശ്യത്തിനായി സതീഷ് മുത്തശ്ശിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതില്‍ ഒരു ലക്ഷം രൂപ മുന്‍പ് തിരികെ നല്‍കിയിരുന്നു. ബാക്കിയുള്ള ഒരു ലക്ഷം ഉടന്‍ തിരികെ നല്‍കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.
ചെറുമകന്‍ വീട്ടിലെത്തിയയുടന്‍ മുത്തശ്ശി സതീഷിന് ഏറെ പ്രീയപ്പെട്ട ചോറും മീന്‍കറിയും വിളമ്പി നല്‍കി. ഇതിനിടെ പണത്തിന്റെ കാര്യം വിശാലാക്ഷി സൂചിപ്പിക്കുകയും അതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഊണ് കഴിച്ച ശേഷം സതീഷ് ബ്ലേഡ് കൊണ്ട് മുത്തശ്ശിയെ ആക്രമിക്കുകയും ശേഷം ചുറ്റിക കൊണ്ട് ഇവരുടെ തലയ്ക്കടിക്കുകയുമായിരുന്നു.
ബഹളം കേട്ടയുടന്‍ അയല്‍ക്കാരില്‍ ചിലര്‍ ഓടിക്കൂടി. അപ്പോഴേക്കും വലിയ ശബ്ദത്തോടെ ടെലിവിഷന്‍ ഓണ്‍ ചെയ്ത് കഴിഞ്ഞിരുന്ന സതീഷ് ബഹളം കേട്ടത് ടിവിയില്‍ നിന്നാണെന്ന് അയല്‍ക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചോരവാര്‍ന്ന് മരിച്ചുകൊണ്ടിരുന്ന വിശാലാക്ഷിയെ തീരെ ശ്രദ്ധിക്കാതെ വീടിന്റെ വാതിലടച്ച് സതീഷ് ദീര്‍ഘനേരം ടിവി കണ്ടു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ അമ്മയെ വിളിച്ച് മുത്തശ്ശി തറയില്‍ വീണ് പരുക്കേറ്റെന്ന് അറിയിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പരിശോധനയ്ക്കിടെ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ ഏറെ നിര്‍ണായകമായത്. ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ദാരുണമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയത്.
Story Highlights: Chennai Man kills grandma, watches tv as she bleeds to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here