വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസം; പോക്‌സോ വകുപ്പ് കൂടി ചുമത്തും

വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസത്തിൽ പോക്‌സോ വകുപ്പ് കൂടി ചുമത്താൻ തീരുമാനം. മർദ്ദനമേറ്റവരിൽ പ്രായപൂർത്തിയകാത്ത കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി. കോടതി നടപടി പൂർത്തിയാക്കിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ( vellayani moral policing pocso case )
ജില്ല റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടികളെ തടഞ്ഞ സദാചാര സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കേസെടുത്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉടൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകും.
ഈ മാസം നാലാം തിയതിയാണ് സംഭവം നടന്നത്. പോത്തൻകോട് വെള്ളാണിക്കൽപ്പാറയിൽ സ്‌കൂൾ കുട്ടികൾക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. പെൺകുട്ടികളെയടക്കം വടി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്. കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കുട്ടികൾ പറയുന്നു.
പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്ന് ആക്ഷേപമുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തത്. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്.
Story Highlights: vellayani moral policing pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here