വിടവാങ്ങിയത് മലബാറിൽ കോൺഗ്രസിന്റെ ശക്തമായ ശബ്ദമായിരുന്ന നേതാവ്

അചഞ്ചലമായ നിലപാടുണ്ടായിരുന്ന നേതാവ്…ആ നിലപാട് ആർക്ക് മുന്നിലും ഉറക്കെ വിളിച്ചു പറയാൻ അസാമാന്യ ധൈര്യവും…അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ കുറിച്ച് തെളിയുന്ന ആദ്യ ചിത്രം ഇതാണ്. മലപ്പുറത്തെ മുസ്ലിം ലീഗിന്റെ കോട്ടയിൽ കോൺഗ്രസിന്റെ ശക്തനായ നേതാവെന്ന നിലയിലാണ് ആര്യാടൻ മുഹമ്മദിനെ അടയാളപ്പെടുത്തിയിരുന്നത്. ലീഗിന്റെ വിധേയനാവാതെ കോൺഗ്രസിന് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് നിലമ്പൂരിൽ നിന്ന് തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. ( aryadan muhammed profile )
1952 ലാണ് ആര്യാടൻ മുഹമ്മദ് രാഷ്ട്രീയപ്രവേശനം നടത്തുന്നത്. 1958 മുതൽ കെ.പി.സി.സി. അംഗമായിരുന്നു. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (200406) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഒരു സാമാജികനെന്ന നിലയിൽ വസ്തുതകൾ പഠിച്ച് സഭയിൽ അവതരിപ്പിക്കുന്ന പാഠവം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിയമസഭയിലെ അദ്ദേഹത്തിന്റെ അടിയന്ചര പ്രമേയ അവതരണ രീതിയും ചോദ്യങ്ങളും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2012-14 കാലഘട്ടത്തിൽ ഗതാഗത മന്ത്രിയായിരുന്ന കാലത്തും പിന്നീട് വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും ഏറെ ജനകീയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
കാർഷിക തൊഴിലാളി ക്ഷേമ പെൻഷൻ കേരളത്തിൽ ആദ്യമായി ഏർപ്പെടുത്താൻ മുൻകൈയെടുത്തത് അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദാണ്.
Read Also: ആര്യാടൻ മുഹമ്മദ് അന്തരിച്ചു
ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ കോൺഗ്രസിന് നഷ്ടമാകുന്നത് പുതിയ കാലഘട്ടത്തിൽ പാർട്ടിയെ നയിക്കുന്ന നേതാക്കളുടെ രാഷ്ട്രീയ ഗുരുവും പാർട്ടിയുടെ ആശയപരമായ സംഘട്ടനങ്ങളിലെ അവസാന വാക്കുമാണ്.
Story Highlights: aryadan muhammed profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here