Advertisement

വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശം തടയരുത്; സ്ത്രീകളുടെ രാത്രി നടത്തത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആന്റോ ജോസഫ്

September 29, 2022
4 minutes Read

വൈപ്പിനില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സ്ത്രീകളുടെ രാത്രി നടത്തത്തിന് ഐക്യദാര്‍ഢ്യവുമായി സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്. രണ്ടുപതിറ്റാണ്ടായി കൊച്ചിയെന്ന മഹാനഗരത്തിന്റെ പടിവാതില്‍ക്കല്‍ മഴയും വെയിലുമേറ്റ് കാത്തുനിക്കുന്ന വൈപ്പിന്‍ ജനതയുടെ ദുരിതങ്ങള്‍ കാണാതെ പോകരുതെന്ന് ഓര്‍മ്മിപ്പിച്ചുള്ള ഒരു കുറിപ്പ് ആന്റോ ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വൈപ്പിനില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ച നാള്‍ മുതല്‍ ഈ ബസുകള്‍ ഹൈക്കോടതിക്ക് സമീപം വച്ച് യാത്ര അവസാനിപ്പിക്കുന്നതിനെതിരെയാണ് വൈപ്പിനിലെ സ്ത്രീകളുടെ പ്രതിഷേധം. വൈപ്പിനിലെ ജനതയെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാത്തതില്‍ വൈപ്പിനിലെയും എറണാകുളത്തെയും ജനപ്രതിനിധികളും ജില്ലാകളക്ടറും മോട്ടോര്‍വാഹനവകുപ്പും അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഫേസ്ബുക്ക് കുറിപ്പിലുള്ളത്. (anto joseph solidarity vypin women’s night walk protest to enter buses into kochi city)

പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ടുപതിറ്റാണ്ടായി,കൊച്ചിയെന്ന മഹാനഗരത്തിന്റെ പടിവാതില്‍ക്കല്‍ മഴയും വെയിലുമേറ്റ് കാത്തുനില്‍ക്കുന്ന ഒരു ജനതയുണ്ട്. ഹൈക്കോടതിക്ക് മുന്നില്‍, ഭരണകൂടത്തിന്റെ നീതിനിഷേധം അനുഭവിച്ച് ആരൊക്കയോ ചേര്‍ന്ന് വിധിച്ച ശിക്ഷയേറ്റുവാങ്ങി തളര്‍ന്നുനില്‍ക്കുന്നവര്‍. വൈപ്പിനിലെ പാവപ്പെട്ട മനുഷ്യര്‍. ആകാശത്തുനിന്ന് നോക്കിയാല്‍ ആശ്ചര്യചിഹ്നം പോലെ തോന്നിക്കുന്ന ഈ നാട്ടില്‍നിന്നുള്ള ബസുകള്‍ക്ക് കൊച്ചി നഗരത്തിലേക്ക് ഇന്നും പ്രവേശനമില്ല എന്നതിലുള്ളത് കേവലമായ ആശ്ചര്യമോ അദ്ഭുതമോ ഒന്നുമല്ല. അങ്ങേയറ്റത്തെ മനുഷ്യത്വരാഹിത്യമാണ്. ആധുനികകാലത്തിന്റെ അയിത്തമാണ്. നാലുവശവും സങ്കടങ്ങളാല്‍ ചുറ്റപ്പെട്ടതാണ് എന്നും വൈപ്പിന്‍കാരുടെ ജീവിതം.

പണ്ട് അവര്‍ കൊച്ചിയിലേക്ക് വന്നിരുന്നത് തിങ്ങിനിറഞ്ഞ ബോട്ടുകളില്‍,ജീവന്‍ പണയംവെച്ചായിരുന്നു. അഴിമുഖം താണ്ടി,ആടിയുലഞ്ഞ് ജീവിതത്തിന്റെ മറുകരതേടിയുള്ള സഞ്ചാരം. വീട്ടില്‍തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്ന യാത്രകള്‍. അന്നവര്‍ ഒരു പാലത്തിന് കൊതിച്ചു. കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ പതിനെട്ടുവര്‍ഷം മുമ്പ് ജൂണ്‍ അഞ്ചിന് ഒന്നല്ല, മൂന്നുപാലങ്ങളിലൂടെ വൈപ്പിന്‍ കൊച്ചിയെ തൊട്ടു. പക്ഷേ ദുര്‍വിധി അവസാനിച്ചില്ല.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

സര്‍വീസ് തുടങ്ങിയനാള്‍ മുതല്‍ വൈപ്പിനില്‍നിന്നുള്ള ബസുകള്‍ നഗരത്തിലേക്ക് പ്രവേശനംകിട്ടാതെ ഹൈക്കോടതിക്ക് സമീപം യാത്ര അവസാനിപ്പിക്കുന്നു. അവയിലെ യാത്രക്കാര്‍ നഗരത്തിലെ വിവിധയിടങ്ങളിലേക്കുള്ള തുടര്‍ബസുകള്‍ക്കായി റോഡുമുറിച്ചോടുന്നു,തളരുന്നു. അവരില്‍ ആശുപത്രിയിലേക്കുള്ളവരുണ്ട്,വിദ്യാലയങ്ങളിലേക്കുള്ളവരുണ്ട്,അന്യരുടെ അടുക്കളപ്പുറങ്ങളില്‍ പണിയെടുത്ത് അന്നംതേടുന്നവരുണ്ട്…ഒരു യാത്ര ദയാരഹിതമായി മുറിച്ചുകളയപ്പെടുകയാണ്. പരിഷ്‌കൃതസമൂഹത്തിന് ഒട്ടും യോജിക്കാത്ത കാഴ്ച. വൈപ്പിനില്‍ നിന്ന് കൈക്കുഞ്ഞിനെയും കൊണ്ട് ജനറല്‍ ആശുപത്രിതേടിവരുന്ന ഒരമ്മയ്ക്ക് വെയിലാണെങ്കിലും മഴയാണെങ്കിലും പിന്നെയും നടക്കണം മേനകവഴിയുള്ള ബസ് കിട്ടാന്‍. ഒരായുഷ്‌കാലത്തിന്റെ ആകെ സമ്പാദ്യമായ പെന്‍ഷന്‍ വാങ്ങാന്‍ കാക്കനാട്ടെ ജില്ലാട്രഷറിയിലേക്ക് പോകുന്ന വയോധികന് ഓരോ മാസവും അധ്വാനിക്കണം അങ്ങോട്ടേക്കുള്ള ബസില്‍ കയറിപ്പറ്റാന്‍. ഇങ്ങനെ മൂന്നുംനാലും ബസുകള്‍ മാറിക്കയറി എരിഞ്ഞൊടുങ്ങുകയാണ് വൈപ്പിന്‍കാരുടെ ദിനരാത്രങ്ങള്‍. ഓരോ യാത്രയ്ക്കും അധികമായി വേണ്ടിവരുന്നത് ചിലപ്പോള്‍ ഒന്നോ രണ്ടോ രൂപയാകാം. പക്ഷേ അത് വൈപ്പിനിലുള്ളവര്‍ക്ക് വിലപ്പെട്ടതാണ്. കാരണം ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പണിപ്പെടുന്നവരാണവര്‍. ഓരോനാണയവും അവര്‍ക്ക് ഓരോ വിയര്‍പ്പുതുള്ളിയാണ്. ബസ്ടിക്കറ്റിനായി അവര്‍ നീട്ടുന്ന ചുക്കിച്ചുളിഞ്ഞ നോട്ടിലുള്ളത് കടലിന്റെയും കണ്ണീരിന്റെയും ഉപ്പുരസമാണ്. നാളേക്ക് മിച്ചംപിടിക്കാനുള്ള ചെറുതുകയാണ് ഈ പച്ചമനുഷ്യര്‍ പച്ചനിറമുള്ള ബസുകള്‍ക്കായി പകുത്തുകൊടുക്കുന്നത്.

ഓരോ ദിവസവും ഇങ്ങനെ വൈപ്പിനില്‍ നിന്ന് സ്വകാര്യബസില്‍ നഗരത്തിലെത്തുന്നവരുടെ എണ്ണം ഏകദേശം 13200 ആണെന്ന് കണക്കുകള്‍ പറയുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ എണ്ണമാകട്ടെ വെറും ഏഴ്! ഇതരവാഹനങ്ങളില്‍ എത്തുന്നവരുടെ എണ്ണം മുപ്പതിനായിരത്തിനടുത്ത് വരും. ഇവരില്‍ 87.5ശതമാനം പേരും ഹൈക്കോടതി ജങ്ഷനില്‍ നിന്ന് അടുത്തബസില്‍ കയറി വിവിധയിടങ്ങളിലേക്ക് പോകുന്നു. വൈപ്പിനില്‍നിന്നുള്ള ബസുകള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ നഗരത്തിലെ വാഹനത്തിരക്ക് വലിയതോതില്‍ വര്‍ധിക്കുമെന്നാണ് തടസവാദമുന്നയിക്കുന്നവര്‍ പറയുന്നത്. പക്ഷേ ഗതാഗതമേഖലയെക്കുറിച്ചുള്ള പഠനങ്ങളിലെ ആധികാരികസ്വരമായ നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് പോലും വൈപ്പിനിലെ ജനങ്ങള്‍ക്ക് അനുകൂലമാണ്. ഇതിന്മേല്‍ അന്തിമതീരുമാനമെടുത്ത് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗതസെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതലയോഗം കഴിഞ്ഞ് മൂന്നുമാസമായിട്ടും വൈപ്പിന്‍ജനത പെരുവഴിയില്‍തന്നെ. ഗതാഗതക്കുരുക്കിന്റെ പേരില്‍ വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശം തടയരുത് എന്ന ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ് വന്ന് ഒമ്പതുവര്‍ഷമായിട്ടും അവര്‍ ഹൈക്കോടതിക്ക് മുന്നില്‍ അടുത്ത ബസ്‌കാത്തുനില്‍ക്കുന്നു. വൈപ്പിനിലെയും എറണാകുളത്തെയും ജനപ്രതിനിധികളും ജില്ലാകളക്ടറും മോട്ടോര്‍വാഹനവകുപ്പും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. പണ്ട് കുടിവെള്ളത്തിനായി തെരുവിലിറങ്ങിയ ജനത ഇന്ന് സഞ്ചാരസ്വാതന്ത്ര്യത്തിനായി മുദ്രാവാക്യം മുഴക്കുകയാണ്. സ്ത്രീകള്‍ ഈ ആവശ്യമുന്നയിച്ച് രാത്രി നടത്തം സംഘടിപ്പിക്കുന്നു. ഈ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്. ഒരു യാത്രയും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതല്ല…

Story Highlights: anto joseph solidarity vypin women’s night walk protest to enter buses into kochi city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top