മധു വധക്കേസ്; 29ആം സാക്ഷി സുനിൽ കുമാറിനെതിരായ ഹർജിയിൽ ഇന്ന് വിധി

അട്ടപ്പാടി മധു വധക്കേസിൽ 29ആം സാക്ഷി സുനിൽ കുമാറിനെതിരെ കോടതിയെ കബളിപ്പിച്ചെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കേസിലെ 11 പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് കോടതി വിധിയുണ്ടാകും. രണ്ട് സാക്ഷികളുടെ വിസ്താരവും ഇന്നുണ്ടാകും
കോടതിയെ കബളിപ്പിച്ചെന്ന് കാട്ടി പ്രോസിക്യൂഷൻ പരാതി നൽകിയ കേസിലെ 29ആം സാക്ഷി സുനിൽ കുമാറിനെതിരെ കോടതി നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം. പ്രോസിക്യൂഷൻ ഹർജിയിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. കോടതി കാണിച്ച ദൃശ്യത്തിൽ സ്വന്തം ചിത്രം തിരിച്ചറിയാനാകുന്നില്ലെന്ന് സുനിൽകുമാർ പറഞ്ഞതിനെതുടർന്ന് സാക്ഷിയുടെ കാഴ്ച പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കാഴ്ചാപരിശോധനയിൽ ഇയാൾക്ക് പ്രശ്‌നങ്ങളില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. പ്രൊസിക്യൂഷൻ ഹർജിയെതുടർന്ന് ജാമ്യം റദ്ദാക്കിയ പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. 90, 91 സാക്ഷികളുടെ വിസ്താരവും ഇന്ന് കോടതിയിൽ നടക്കും. ഇതുവരെ 25 സാക്ഷികളാണ് കേസിൽ കൂറുമാറിയത്.
ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. എട്ട് പ്രതികളുടെ ഹർജിയാണ് തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.
Story Highlights: attappadi madhu case sunil kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here