കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തിന് വിധേയനാകാനില്ല; വിമര്‍ശനവുമായി ശശി തരൂര്‍

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതിന്റെ കാരണം അവര്‍ തന്നെ വ്യക്തമാക്കണമെന്ന് ശശി തരൂര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ലെന്ന് ശശി തരൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ പിന്തുണ തന്നെ സന്തോഷിപ്പിക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. (shashi tharoor criticism against congress leadership )
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തന്റെ വിയോജിപ്പുകളെ സംബന്ധിച്ച് ചില സൂചനകളും ശശി തരൂര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ നേതാക്കളുടേയും പിന്തുണ താന്‍ ആഗ്രഹിച്ചെങ്കിലും അത് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് തരൂര്‍ വ്യക്തമാക്കുന്നു. കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തിന് വിധേയനാകാന്‍ താനില്ലെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്.
Read Also: ‘അധ്യക്ഷനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍’; ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥന്‍
താന്‍ യഥാര്‍ത്ഥ നെഹ്‌റു ലോയലിസ്റ്റാണെന്ന് തരൂര്‍ ഊന്നിപ്പറയുന്നു. വളരെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ലോയല്‍റ്റിയുടെ പ്രശ്‌നം എവിടെയാണ് വരുന്നതെന്നാണ് ശശി തരൂര്‍ ചോദിക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുന്നു. 2024-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് അനിവാര്യമാണെന്നും ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചു.
Story Highlights: shashi tharoor criticism against congress leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here