വി.കെ ശ്രീരാമന്‍ ഇട്ടുകൊടുത്ത കുഴിമന്തി വിവാദം; പിന്തുണച്ച് സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍; പിന്നാലെ കമന്റ് പിന്‍വലിക്കലും

താനൊരു ഏകാധിപതിയായാല്‍ കുഴിമന്തിയെന്ന പേര് നിരോധിക്കുമെന്ന വി കെ ശ്രീരാമന്റെ പോസ്റ്റും അതിനെ പിന്തുണച്ചെത്തിയ പ്രമുഖരുടെ കുറിപ്പുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലെ ചര്‍ച്ചാവിഷയം. കുഴിമന്തിയുടെ പേര് പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും എഴുതുന്നതും നിരോധിക്കും എന്ന ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന് എസ് ശാരദക്കുട്ടിയും സുനില്‍ പി ഇളയിടവും ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയറിയിച്ച് രംഗത്തെത്തി.
കുഴിമന്തി എന്നുകേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇംപ്രെസീവ് ആയാലേ കഴിക്കാന്‍ പറ്റൂ. എന്നായിരുന്നു പോസ്റ്റിന് ശാരദക്കുട്ടിയുടെ കമന്റ്. ശ്രീരാമന്റെ പോസ്റ്റിന് തംസപ്പ് ഇമോജി നല്‍കിക്കൊണ്ടാണ് സുനില്‍ പി ഇളയിടം പിന്തുണ അറിയിച്ചത്. ഇതോടെ കുഴിമന്തിയുടെ കാര്യത്തില്‍ മന്തിയെ എതിര്‍ത്തും അനുകൂലിച്ചുമായി സൈബര്‍ ലോകത്തെ ചര്‍ച്ചകള്‍.
‘ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ളനടപടിയായിരിക്കും അത്. പറയരുത് കേള്‍ക്കരുത് കാണരുത് കുഴി മന്തി..’എന്നായിരുന്നു വി കെ ശ്രീരാമന്റെ വാക്കുകള്‍.
എന്നാല്‍ കമന്റുകള്‍ സൈബര്‍ ലോകം ഏറ്റെടുത്തതോടെ ശാരദക്കുട്ടിയും സുനില്‍ ഇളയിടവും ഖേദപ്രകടനവുമായി രംഗത്തെത്തി. കമന്റ് പിന്‍വലിക്കുന്നതായി അറിയിക്കുകയും ചെയ്തു.
‘ഒരു ഭക്ഷണം ഇഷ്ടമാണ്. അത് കഴിക്കാനിഷ്ടമാണ്, എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല , എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും അതിന് ബാലന്‍സ് ചെയ്യാനായി, വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേര്‍ത്തു പറഞ്ഞാല്‍ പൊളിറ്റിക്കലി കറക്ട് ആകുമോ ? ശാരദക്കുട്ടി എന്ന പേര് നിങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല എന്നതുകൊണ്ട് എനിക്ക് പ്രശ്‌നമൊന്നുമില്ല. അത് നിങ്ങള്‍ക്ക് തോന്നുന്ന രീതിയിലെല്ലാം എഴുതി എന്നോടുള്ള ദേഷ്യം തീര്‍ക്കാം. അത് നിങ്ങളുടെ ഇഷ്ടം . നിങ്ങളുടെ സ്വാതന്ത്ര്യം. എന്നെ , എന്റെ ഇഷ്ടങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വാളുമെടുത്ത് ഇറങ്ങാറില്ല ഞാന്‍. സാമ്പാര്‍ , തോരന്‍, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും. പൊളിറ്റിക്കലി കറക്ട് ആകാന്‍ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോ എന്ന് കരുതി ബോധപൂര്‍വ്വം പരിശ്രമിക്കുന്നതു കൊണ്ടാണ്. ഇടക്ക്കാല്‍ വഴുതുന്നുവെങ്കില്‍ ഇനിയും കൂടുതല്‍ ശ്രദ്ധിക്കാം.
എല്ലാ ഭക്ഷണസാധനങ്ങളും എനിക്കിഷ്ടമല്ല ഇഷ്ടപ്പെടുവാന്‍ സാധ്യവുമല്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്. എന്റെ ഭക്ഷണം , നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? സ്‌ക്രീന്‍ ഷോട്ടൊക്കെ ധാരാളം പോയത് കൊണ്ട് കമന്റ് പിന്‍വലിക്കുന്നതിലര്‍ഥമില്ലെന്നറിയാം. എങ്കിലും അതങ്ങു പിന്‍വലിക്കുന്നു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാന്‍ എന്റെ ഭാഷയില്‍ തീര്‍ത്തും ബോധപൂര്‍വ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കില്‍, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കുമെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം തന്റെ അഭിപ്രായം പറയാന്‍ വി കെ ശ്രീരാമന്‍ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും പോസ്‌റ്റെന്നും
എങ്കിലും അതിന് പിന്തുണ നല്‍കിയ തന്റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇളയിടത്തിന്റെ പ്രതികരണം. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും കമന്റ് ഒഴിവാക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
Story Highlights: v k sreeraman fb post about kuzhimanthi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here