പോപ്പുലർ ഫ്രണ്ടിന്റെ ഭീകര റിക്രൂട്ട്മെന്റ്, വിദേശ ഫണ്ടിംഗ് എന്നിവയിൽ അന്വേഷണം വേണമെന്ന് എൻ.ഐ.എ

പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിംഗ് അടക്കം വരുന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് എൻ.ഐ.എ. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ. അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്ന് എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകര റിക്രൂട്ട്മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എൻ.ഐ.എ കോടതിയിൽ അറിയിച്ചത്. ( NIA demands inquiry into terror recruitment of Popular Front ).
യു.എ.പി.എ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തേക്കാണ് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടത്. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്‌ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. റെയ്ഡിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
Read Also: പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തേയ്ക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
അബ്ദുൽ സത്താറിനെ കഴിഞ്ഞ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻ ഐ എ അപേക്ഷ സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് അബ്ദുൽ സത്താർ. ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്തിരുന്നു. 15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്. കൾച്ചറൽ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തിയത്. സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത്.
അതിനിടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനു പിന്നാലെ പി എഫ്ഐ ഓഫീസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ജില്ലയിലെ പ്രധാന പിഎഫ് ഐ ഓഫീസായ മലബാർ ഹൗസിൽ പൊലീസ് നോട്ടിസ് പതിച്ചു. താനൂർ ഡിവൈ എസ്പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
അതേസമയം വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളും സീൽ ചെയ്തു. മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസും മേപ്പാടി റിപ്പണിലെ ഓഫീസുമാണ് സീൽ ചെയ്തത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയത്. കാസർഗോഡ് പടന്നയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസും പൊലീസ് സീൽ ചെയ്തു. തീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിക്കുന്ന ഓഫീസാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സീൽ ചെയ്തത്. ഇതോടെ ജില്ലയിൽ പട്ടികയിലുള്ള രണ്ട് ഓഫീസുകളും സീൽ ചെയ്തു.
Story Highlights: NIA demands inquiry into terror recruitment of Popular Front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here