ആലപ്പുഴയിൽ കടത്തിണ്ണയിൽ റോട്‍വീലറിനെ കെട്ടിയിട്ട് ഉപേക്ഷിച്ച സംഭവം; നായയെക്കുറിച്ച് അറിയാതെ സ്വന്തമാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവർ അറിയാൻ…

ആലപ്പുഴയിൽ കലവൂരിൽ ദേശീയ പാതയ്ക്കരികിലെ കട തിണ്ണയിൽ റോട്ട്വീലറിനെ കെട്ടിയിട്ട് ഉപേക്ഷിച്ചു പോയ സംഭവം ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് മൂന്നരയോടെയാണ് ഒരു സംഘമെത്തി യാത്രക്കിടയിൽ വിശ്രമിക്കാൻ എന്ന വ്യാജേനെ റോട്ട് വിലറെ കടത്തിണ്ണയിൽ കെട്ടി ഇട്ടത്. എന്നാൽ, ആളുകളുടെ ശ്രദ്ധ മാറിയതോടെ ഇവർ നായയെ ഉപേക്ഷിച്ചു പോവുകയായിരുന്നു, സംഭവമറിഞ്ഞെത്തിയ പഞ്ചായത്തു പ്രസിഡന്റ് ടി.വി. അജിത് കുമാർ കലവൂർ മൃഗാശുപത്രിയിലെ ഡോ. ജിം കിഴക്കൂടനെ വരുത്തിയാണ് നായയെ ഇണക്കിയത്. ( story of Rottweiler )
സംഭവത്തെകുറിച്ച് പ്രസിഡന്റ് ടി.വി. അജിത് കുമാർ പറയുന്നതിങ്ങനെ : ‘അന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് പറഞ്ഞതിനെ തുടർന്നാണ് ഡോക്ടറെ വിളിച്ചത്. ഇതിന്റെ ഉടമ വന്നാൽ കൊടുക്കാൻ വച്ചിരിക്കുകയാണ്’.
ശ്രദ്ധയും കരുതലും ഏറ്റവും കൂടുതൽ വേണ്ട ഇനമായിരുന്നിട്ട് കൂടി ആളുകൾ നായയെ കുറിച്ച് കൂടുതൽ പഠിക്കാതെ അവയെ സ്വന്തമാക്കുകയും, ശേഷം ഇത്തരത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നതിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. നായ്ക്കളിൽ തന്നെ ഏറ്റവും അപകടകാരികളായി കരുതുന്നവയിൽ രണ്ടാം സ്ഥാനക്കാരാണ് റോട്ട് വീലറുകൾ. ഈ വാദം കൂടുതൽ ശക്തമാക്കാൻ പോന്ന വ്യക്തമായ പാരമ്പര്യം റോട്ട് വീലറുകൾക്ക് ഉണ്ട്.
പടിഞ്ഞാറൻ യൂറോപ്പിന്റെ രൂപീകരണത്തിന് പിന്നിലെ സംഘാടന ശക്തിയായിരുന്നു റോമൻ സാമ്രാജ്യം, കായികമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ പ്രശ്നപരിഹാരമായി റോമാക്കാർ തുടങ്ങിവച്ച നിരവധി പരിശ്രമങ്ങളിൽ ഒന്നാണ് നായ് വളർത്തൽ.
സാമ്രാജ്യങ്ങൾ കീഴടക്കി റോമൻ സൈന്യം ലോകത്തിന്റെ വിദൂര കോണുകളിലേക്ക് മാർച്ച് ചെയ്തപ്പോൾ, അവർ തങ്ങളുടെ കന്നുകാലികളെയും കൂടെ കൊണ്ട് പോയി. കന്നുകാലികളെ മേയ്ക്കാനും കാവൽ നിൽക്കാനും സൈന്യത്തിന് കഠിനവും മോടിയുള്ളതുമായ നായ്ക്കൾ ആവശ്യമായിരുന്നു. ഏഷ്യൻ മാസ്റ്റിഫ് ഇനങ്ങളെ ബ്രീഡിംഗിനായി ഉപയോഗിച്ചുകൊണ്ട്, റോമാക്കാർ ഇന്നത്തെ റോട്ട്വീലറിന്റെ ആദ്യ പൂർവ്വികനെ വികസിപ്പിച്ചെടുത്തു.
സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷമുള്ള നൂറ്റാണ്ടുകളിൽ, ഈ നായ്ക്കൾ കന്നുകാലി പട്ടണമായ റോട്ട്വെയിലിൽ എത്തപ്പെട്ടു. മേച്ചിൽപ്പുറങ്ങളിൽ നിന്ന് ചന്തയിലേക്ക് കന്നുകാലികളെ മാറ്റുകയും വഴിയിലുടനീളം കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും അവയെ സംരക്ഷിച്ച് ശത്രുക്കളെ വകവരുത്തുകയും ചെയ്തതുകൊണ്ടാണ് ഇവയ്ക്ക് റോട്ട്വീലർ മെറ്റ്സ്ഗർഹണ്ട് അല്ലെങ്കിൽ കില്ലർ ഡോഗ് എന്നെല്ലാം പേര് ലഭിച്ചത്.
1800-കളോടെ റോട്ട് വീലറുകൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഏല്പിക്കപ്പെട്ടു. പോലീസ് നായ്ക്കൾ, വ്യക്തിഗത സംരക്ഷകർ, വിവിധ ഹെവി-ഡ്യൂട്ടി ജോലികൾ ചെയ്യാൻ കഴിവുള്ള ബ്ലൂ കോളർ നായ്ക്കൾ എന്നിങ്ങനെ അവർ പുതിയ മേഖലയിലേക്ക് പ്രവേശിക്കാൻ തുടങ്ങി. അന്ധർക്കുള്ള വഴികാട്ടി നായ്ക്കളിൽ ഒന്നാണ് റോട്ട് വീലറുകൾ. ഇത്തരത്തിൽ ചരിത്രത്തിൽ റോട് വീലറിന് വലിയ സ്ഥാനമാണുള്ളത്.
നന്നായി പരിശീലനം നലകിയാൽ ഏറ്റവും സ്‌നേഹവും കരുതലും യജമാനനും തിരിച്ച് കൊടുക്കുന്ന ഇനം കൂടിയാണ് ഇവ.
ഒരു നായയെ സ്വന്തമാക്കുന്നത് വെറുമൊരു പദവിയല്ല; അതൊരു ഉത്തരവാദിത്തമാണ്. ചുരുങ്ങിയത് ഭക്ഷണത്തിനും പാർപ്പിടത്തിനുമെങ്കിലും അവർ നമ്മെ ആശ്രയിക്കുന്നുണ്ട്. മാത്രമല്ല, അതിന് അർഹതയുള്ളവർ കൂടിയാണ് നായ്ക്കൾ. നായയെ വളർത്തുന്നവർ നായയോട് കാട്ടേണ്ട പ്രതിബദ്ധതയും ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
Story Highlights: story of Rottweiler
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here