Advertisement

ബുംറയ്ക്ക് പകരക്കാരനില്ലാതെ ഇന്ത്യ ഓസ്ട്രേലിയയിലേക്ക്; പകരക്കാരനെ പിന്നീട് തീരുമാനിക്കും

October 5, 2022
2 minutes Read
india travel australia bumrah

പരുക്കേറ്റ പ്രധാന പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിക്കാതെ ഇന്ത്യ ഓസ്ട്രേലിയയിലേക്ക്. ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി എത്തുമെന്നാണ് വിവരം. കൊവിഡ് ബാധിതനായിരുന്ന ഷമി നിലവിൽ വൈറസ് മുക്തനായതിനു ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ഫിറ്റ്നസ് വീണ്ടെടുത്തതിനു ശേഷം താരം ഓസ്ട്രേലിയയിലേക്ക് തിരിക്കും. (india travel australia bumrah)

Read Also: ‘ബുംറയുടെ അഭാവം വലിയ തിരിച്ചടി’, ടി20 ലോകകപ്പിന് മുന്നോടിയായി ദ്രാവിഡ്

ബുംറയ്ക്ക് പകരം ഷമി എത്തുമെന്നാണ് സൂചനകളെങ്കിലും ദീപക് ചഹാർ, മുഹമ്മദ് സിറാജ് എന്നിവരും പരിഗണനയിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ഇരുവരുടെയും പ്രകടനങ്ങൾ സെലക്ടർമാർ പരിഗണിച്ചേക്കും.

ടി20 ലോകകപ്പിൽ നിന്ന് ജസ്പ്രീത് ബുംറ വിട്ടുനിൽക്കുന്നത് ടീമിന് വലിയ നഷ്ടമാകുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു. ഇത് മറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ, ഇന്ത്യ 49 റൺസിന് തോറ്റതിന് പിന്നാലെയാണ് ദ്രാവിഡിൻ്റെ പ്രതികരണം.

“രണ്ട് പരമ്പരകളിലും (ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ) വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ടി20 ഫോർമാറ്റിൽ ഭാഗ്യം ആവശ്യമാണ്, പ്രത്യേകിച്ച് വരാനിരിക്കുന്ന മത്സരങ്ങളിൽ. ഏഷ്യാ കപ്പിൽ ഞങ്ങൾക്ക് അത് ഇല്ലായിരുന്നു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഭാഗ്യം തുണച്ചു. വരും മത്സരങ്ങളിൽ ഭാഗ്യം ഉണ്ടാകുമെന്ന് കരുതുന്നു. ബുംറയെ മിസ് ചെയ്യും”- ദ്രാവിഡ് പറഞ്ഞു.

പോസിറ്റീവായി കളിക്കാനുള്ള ബാറ്റിംഗ് ടീമിൻ്റെ പക്കലുണ്ട്. ബാറ്റിംഗ് ഡെപ്ത് ഉപയോഗിച്ച് ടീമിനെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി ഇന്ത്യ വിരാട് കോലിക്കും കെ.എൽ രാഹുലിനും വിശ്രമം നൽകിയിരുന്നു. ഋഷഭ് പന്ത് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുകയും, ദിനേശ് കാർത്തിക്കിനെ നാലാം നമ്പറിൽ കളിപ്പിക്കുകയും ചെയ്തു. അധികം ബാറ്റ് ചെയ്യാത്ത ആളുകൾക്ക് അവസരം നൽകേണ്ട സമയമായിയെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തതെന്നും ദ്രാവിഡ് വ്യക്തമാക്കി.

Read Also: ലോകകപ്പ് നഷ്ടമാവുന്നത് വലിയ വേദനയെന്ന് ജസ്പ്രീത് ബുംറ

അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. പ്രധാന താരങ്ങൾ ടി-20 ലോകകപ്പിനായി യാത്ര തിരിച്ചതിനാൽ രണ്ടാം നിര ടീമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജു മൂന്ന് മത്സരങ്ങളിലും കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ലക്നൗ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് മത്സരം ആരംഭിക്കും.

Story Highlights: india travel australia jasprit bumrah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top