വടക്കഞ്ചേരി അപകടം നടക്കുമ്പോൾ കെഎസ്ആർടിസി ബസ് നിർത്തിയിട്ടില്ല : ആർടിഒ റിപ്പോർട്ട്

വടക്കഞ്ചേരി അപകടം നടക്കുമ്പോൾ കെഎസ്ആർടിസി ബസ് നിർത്തിയിട്ടില്ലെന്ന് ആർടിഓ റിപ്പോർട്ട്. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. അപകടത്തിന് തൊട്ടുമുൻപ് വേഗതകുറച്ചെങ്കിലും അത് അപകടത്തിന് കാരണമല്ലെന്നും ആർടിഓ റിപ്പോർട്ടിൽ പറയുന്നു.ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ ആരോപണത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.ഡ്രൈവേഴ്സ് ക്യാബിനിൽ നൃത്തം ചെയ്ത് വാഹനമോടിച്ചത് പൂനയിൽവെച്ചാണെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു. ( ksrtc driver about vadakkanchery accident )
വടക്കഞ്ചേരി അപകടത്തിന്റെ കാരണവും സാഹചര്യവും ബസിലെ നിയമലംഘനവും ഒക്കെ പരിഗണിച്ച് ആർടിഓ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ആർടിസി അപകടസമയത്ത് ബസ് നിർത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല.ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ അപകടത്തിന് തൊട്ടുമുൻപായി കെഎസ്ആർടിസി വേഗത കുറച്ചിരുന്നെന്നും അത് പക്ഷേ അപകട കാരണമല്ലെന്നും റിപ്പോർട്ടിലുണ്ട്.ജോമോന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഡ്രൈവർ സുമേഷിനെ വീണ്ടും വിളിപ്പിച്ച് മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ബസിലെ യാത്രക്കാരുടെ മൊഴിയും അന്വേഷണസംഘം വീണ്ടുമെടുക്കും.
അതേസമയം ജോമോൻ അപകടകരമാകും വിധം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ദൃശ്യങ്ങളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയത് പൂനയിൽ നിന്നെന്നാണ് ജോമോൻ പൊലീസിനോട് പറഞ്ഞത്.വർഷങ്ങൾക്ക് മുൻപ് പകർത്തിയ ദൃശ്യമെന്നും ബസിൽ ഇതേസമയം യാത്രക്കാർ ഉണ്ടായിരുന്നോയെന്ന് ഓർമ്മയില്ലെന്നും ജോമോൻ അന്വേഷണസംഘത്തോട് പറഞ്ഞു.ജോമോന്റെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തത വരുത്താനാകു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ആലത്തൂർ ഡിവൈഎസ്പി പറയുന്നത്.
Story Highlights: ksrtc driver about vadakkanchery accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here