‘ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും ഗ്യാരേജിൽ ഇട്ടിരിക്കുന്നു’; ഉമ്രാൻ മാലിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ബ്രെറ്റ് ലീ

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ പേസർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന് ഓസ്ട്രേലിയയുടെ മുൻ പേസർ ബ്രെറ്റ് ലീ. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും അത് ഗ്യാരേജിൽ ഇട്ടിരിക്കുകയാണെന്ന് ബ്രെറ്റ് ലീ കുറ്റപ്പെടുത്തി. ഉമ്രാൻ്റെ പേസ് ഓസീസ് പിച്ചുകളിൽ ഇന്ത്യക്ക് ഗുണമുണ്ടാക്കുമെന്നും ബ്രെറ്റ് ലീ പറയുന്നു. ഖലീജ് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ബ്രെറ്റ് ലീയുടെ പ്രതികരണം. (umran malik brett lee)
Read Also: ഷമിയും സിറാജും താക്കൂറും ഓസ്ട്രേലിയയിലേക്ക്; ബുംറക്ക് പകരക്കാരൻ ഇവരിൽ ഒരാൾ
“ഉമ്രാൻ മാലിക്ക് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് പന്തെറിയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും അത് നിങ്ങൾ ഗ്യാരേജിൽ ഇട്ടിരിക്കുകയാണ്. പിന്നെ, ആ കാർ ഉള്ളതുകൊണ്ട് എത് പ്രയോജനം? ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടേണ്ടതായിരുന്നു. അത് അവൻ ചെറുപ്പക്കാരനാണ്. പക്ഷേ, അവൻ മണിക്കൂറിൽ 150 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്നു. അതുകൊണ്ട് അവനെ ടീമിലെടുക്കൂ. 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും തമ്മിൽ വ്യത്യാസമുണ്ട്.”- ബ്രെറ്റ് ലീ പറയുന്നു.
ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂവരും ഓസ്ട്രേലിയയ്ക്ക് പറക്കുമെന്നും ഇവരിൽ ഒരാൾ ലോകകപ്പ് ടീമിൽ ഉൾപ്പെടും എന്നുമാണ് റിപ്പോർട്ട്. സംഘം ഒക്ടോബർ 13ന് യാത്ര തിരിക്കുമെന്നാണ് സൂചന.
കൊവിഡ് മുക്തനായ ഷമി ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് സിറാജും താക്കൂറും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമായിരുന്ന ദീപക് ചഹാറിനെ പരുക്കേറ്റതിനെ തുടർന്ന് ടീമിൽ പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കിടെ പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
Read Also: മൂന്നാം മത്സരത്തിൽ അനായാസ ജയം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.
Story Highlights: umran malik t20 world cup brett lee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here