ഇലന്തൂരിലെ ഇരട്ട നരബലി; ഷാഫിയുടെയും ഭഗവൽ സിംഗിന്റെയും സാമ്പത്തിക ഇടപാടുകൾ തേടി പൊലീസ്
ഇലന്തൂരിലെ ഇരട്ട നരബലിയിൽ ഷാഫിയുടെയും ഭഗവൽ സിംഗിന്റെയും സാമ്പത്തിക ഇടപാടുകൾ തേടി പൊലീസ്. ആദ്യത്തെ കൊലപാതകത്തിന് ശേഷമാണ് ഷാഫി ജീപ്പ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ജീപ്പ് വാങ്ങാൻ ഭഗവൽ സിംഗ് നൽകിയ പണം ഉപയോഗിച്ചെന്നാണ് വിലയിരുത്തൽ. ബാങ്ക് അക്കൗണ്ട് ഇല്ലെന്ന വാദം പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഷാഫിയുടെ പേരിലോ ബിനാമി പേരിലോ ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്ന് പരിശോധിക്കും. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ ഭഗവൽ സിംഗിൽ നിന്ന് ഷാഫി പലപ്പോഴായി കൈപ്പറ്റിയിരുന്നു.
ഭഗവല്‍സിംഗിനും കുടുബത്തിനും ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ മാത്രം 850000 രൂപയുടെ വായ്പ കുടിശിക ഉണ്ടെന്നും വിവരം. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 2015 ല്‍ ആണ് വായ്പ എടുത്തത്. ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് വായ്പ എടുത്തത്. കട ബാധ്യതയില്‍ ഭഗവല്‍ സിംഗിനും ലൈലക്കും മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ഇവരുമായി അടുപ്പമുളളവര്‍ പറയുന്നുണ്ട്.
അതേസമയം ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
ഇലന്തൂരിലെ ആഭിചാര കൊലക്കേസിൽ മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. കാലടി, കടവന്ത്ര, കുറ്റകൃത്യം നടന്ന ഇലന്തൂർ എന്നിവിടങ്ങളിലടക്കം പ്രതികളെയെത്തിച്ച് തുടർതെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൂടുതൽ ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പൊലീസ് മുന്നോട്ടു വച്ചേക്കും.
Story Highlights: Police On Financial Transactions Shafi and Bhagaval singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here