കശ്മീരിൽ 18 കിലോ സ്‌ഫോടകവസ്തു കണ്ടെത്തി; ഒഴിവായത് വൻ ദുരന്തം

ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വൻ സ്‌ഫോടകവസ്തു കണ്ടെത്തി. സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് രണ്ട് ഗ്യാസ് സിലിണ്ടറുകളിൽ ഘടിപ്പിച്ച നിലയിൽ 18 കിലോ ഭാരമുള്ള ഐഇഡി കണ്ടെത്തിയത്. ജില്ലയിലെ അസ്റ്റാൻഗോ ഏരിയയിലാണ് സംഭവം. വൻ ദുരന്തമാണ് ഒഴിവായതെന്ന് സുരക്ഷാ സേന അറിയിച്ചു.
ഇന്റലിജൻസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച പുലർച്ചെ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുകൾ കണ്ടെത്തിയത്. രാവിലെ 08.35 ഓടെയാണ് ഐഇഡി ശ്രദ്ധയിൽപ്പെട്ടത്. ബന്ദിപ്പോര-സോപോർ റോഡിന് സമീപത്തുനിന്ന് കണ്ടെത്തിയ ഐഇഡി, ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാർ, ആർമി, സിഎപിഎഫ് എന്നിവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാതയാണ് ബന്ദിപ്പോര-സോപോർ ഹൈവേ.
Story Highlights: 18 Kg Explosive Fitted With 2 Gas Cylinders Detected in kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here