വിജിലന്‍സ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമം; പഞ്ചാബില്‍ മുന്‍ മന്ത്രി അറസ്റ്റില്‍

കൈക്കൂലി കേസില്‍ പഞ്ചാബ് മുന്‍ വ്യവസായ വാണിജ്യ മന്ത്രി അറസ്റ്റില്‍. സിരാക്പൂരിലെ വിജിലന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുന്‍മന്ത്രി സുന്ദര്‍ ഷാം അറോറയെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് സ്മോള്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് എക്സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലും 32 ഏക്കര്‍ വാണിജ്യ പ്ലോട്ട് ഒരു റിയാലിറ്റി സ്ഥാപനത്തിന് വിറ്റതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് മുന്‍ മന്ത്രി.(former punjab minister arrested in bribery case)
അറോറയ്‌ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തതായി വിജിലന്‍സ് ബ്യൂറോ ഡയറക്ടര്‍ പറഞ്ഞു.
ഹോഷിയാര്‍പൂരിലെ അറോറയുടെ ബന്ധുവീടുകളിലും വിജിലന്‍സ് പരിശോധന നടത്തി. ഇയാളുടെ പേഴ്‌സണല്‍ അസിസ്റ്റന്റും അറസ്റ്റിലായിട്ടുണ്ട്. കൈക്കൂലി നല്‍കാന്‍ ഉപയോഗിച്ച 50 ലക്ഷം രൂപയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഹോഷിയാര്‍പൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി തുടങ്ങിവയുടെ ഉടമയായ മുന്‍ മന്ത്രി, 2012 ലും 2017 ലും കോണ്‍ഗ്രസ് പ്രതിനിധിയായി ഹോഷിയാര്‍പൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ചു. 2018 മുതല്‍ 2021 വരെയാണ് അറോറ മന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2022 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം അറോറ ബിജെപിയില്‍ ചേര്‍ന്നു.
Read Also: രാഹുല്‍ ഗാന്ധി ഒരു പരാജയപ്പെട്ട മിസൈൽ; പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി
വിശദമായ ചോദ്യം ചെയ്യലിനായി അറോറയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. അതേസമയം കോടതിക്ക് പുറത്ത്, വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
Story Highlights: former punjab minister arrested in bribery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here