“ഏത് ക്രീമാണ് ഇടുന്നത്?” രാഹുലിനോടുള്ള കെ.എസ്.യു നേതാവിൻ്റെ ചോദ്യം വൈറൽ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പായതിനാൽ തിങ്കളാഴ്ച ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള ദിനമായിരുന്നു. കർണാടകയിലെ ബെല്ലാരിയിൽ ഒരുക്കിയ പ്രത്യേക പോളിംഗ് ബൂത്തിൽ രാഹുൽ ഗാന്ധിയും സഹ പദയാത്രികരും പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. മറ്റുള്ളവർക്കൊപ്പം വരിയിൽ നിന്ന് വോട്ട് ചെയുന്ന രാഹുലിൻ്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
എന്നാൽ ഇപ്പോൾ രാഹുലിനോടുള്ള കെ.എസ്.യു നേതാവിൻ്റെ ചോദ്യം വൈറലാവുകയാണ്. ഭാരത് ജോഡോ യാത്രയുടെ സ്ഥിരം അംഗമായ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിൻ്റെ സംശയമാണ് സൈബർ ഇടങ്ങളിൽ ട്രെൻഡിംഗായി മാറുന്നത്. വോട്ടിംഗ് കഴിഞ്ഞുള്ള ഇടവേളയിൽ രാഹുലിനൊപ്പം തമാശ പറഞ്ഞും, പൊട്ടിച്ചിരിച്ചും നേതാക്കൾ ഒത്തുകൂടി. ഇതിനിടെയാണ് നബീൽ കല്ലമ്പലത്തിൻ്റെ ചോദ്യം. രാഹുൽ ഏത് സൺസ്ക്രീനാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു സംശയം.
“ഞാൻ സൺസ്ക്രീൻ ഉപയോഗിക്കാറില്ല, ഇത് എൻ്റെ യഥാർത്ഥ നിറമാണ്.” – ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് രാഹുലിൻ്റെ മറുപടി. പൊരിവെയിലത്ത് നടന്നിട്ടും ഒരു മാറ്റവുമില്ലല്ലോ? നബീൽ വീണ്ടും ചോദിച്ചു. “ഏയ് ഞാൻ ക്രീം ഒന്നും ഉപയോഗിക്കാറില്ല”- രാഹുൽ പറഞ്ഞു. ഇതിനിടെ ടി-ഷർട്ട് അൽപ്പം ഉയർത്തി കൈയ്യിലെ നിറവ്യത്യാസം അദ്ദേഹം കാണിച്ചു. പിന്നാലെ കൂടുതൽ പേരും ഇതേ സംശയം ഏറ്റു പിടിച്ചു. കോൺഗ്രസ് പുറത്തു വിട്ട ചെറു വീഡിയോയിലാണ് ഈ രസകരമായ സംഭവം.
Story Highlights: “Which cream do you put on?” KSU leader’s question to Rahul goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here