പാർട്ടി നടപടി അംഗീകരിക്കുന്നു, ആരാണ് കുറ്റവാളിയെന്ന് കാലം തെളിയിക്കും; എൽദോസ് കുന്നപ്പിള്ളിൽ

തന്നെ സസ്പെൻഡ് ചെയ്ത പാർട്ടി നടപടി അംഗീകരിക്കുകയാണെന്നും, ഈ കേസിൽ നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളിൽ. ഇക്കാര്യം പാർട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നെ വളർത്തി വലുതാക്കിയ പാർട്ടി പറയുന്നത് അംഗീകരിക്കും. കെപിസിസി അധ്യക്ഷനുമായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ചിരുന്നു. കേസ് പരിഗണനയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരണം നടത്താനാകില്ല. ആരാണ് കുറ്റവാളിയെന്ന് കാലം തെളിയിക്കും. ഒരു ജനാധിപത്യ പാർട്ടിയിൽ പല അഭിപ്രായങ്ങൾ ഉയർന്നുവരും. പോകെപ്പോകെ തന്റെ നിരപരാധിത്വം പാർട്ടിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും എൽദോസ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ( Eldhose Kunnappilly suspension reaction ).
യുവതിയുടെ പീഡന പരാതിയിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്നും 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
Read Also: പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
എൽദോസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹം കെപിസിസിക്ക് സമർപ്പിച്ച വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ല എന്നാണ് കെ പി സി സി ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
ജാമ്യ ഉത്തരവിൽ കോടതി അദ്ദേഹത്തിനു നൽകിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കാൻ എം.ൽ.എയ്ക്ക് അവകാശമുണ്ട്. കെപിസിസി അംഗമെന്ന നിലയിലാണ് കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു.
എൽദോസിന്റെ പാസ്പോർട്ട് ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ അഡ്വ.സുധീർ കുറ്റ്യാണി പറഞ്ഞു. മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകും. കേസുമായി മുന്നോട്ടു പോകും. പുതിയ കേസുകളെയടക്കം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: Eldhose Kunnappilly suspension reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here