ഗവർണറുടെ അസാധാരണ നടപടി, യു.ഡി.എഫിൽ ഭിന്നത, എതിർപ്പുമായി മുസ്ലിംലീഗ്

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നത. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീഗ്. ( Muslim League against Arif Mohammad Khan, Congress in favor ).
ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ എ.പി.ജെ അബ്ദുൽ കലാം സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.
ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് തുറന്നടിക്കുന്നു. ലീഗ് ഗവർണറെ തള്ളുകയും കോൺഗ്രസ് അനുകൂലിക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.
Read Also: ഗവർണർക്ക് പിന്തുണയുമായി പ്രതിപക്ഷം, ചെയ്ത തെറ്റ് ആരിഫ് മുഹമ്മദ് ഖാൻ തിരുത്തിയെന്ന് വി.ഡി സതീശൻ
വി.സി നിയമനത്തിൽ മാത്രമല്ല സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നു. എന്നിരുന്നാലും ഈ വിഷയത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്ന സംശയമാണ് ലീഗ് പങ്കുവെയ്ക്കുന്നത്. ലീഗിൻ്റെ നിലപാട് അറിയില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയോടക്കം അഭിപ്രായം തേടിയിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടത്. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവർണറുടെ നിർദേശം.
Story Highlights: Muslim League against Arif Mohammad Khan, Congress in favor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here