യഹൂദ വിരുദ്ധ പരാമർശം; കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്

വിവാദ സെമിറ്റിക് വിരുദ്ധ പരാമർശത്തിന് പിന്നാലെ റാപ്പർ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന് ‘അഡിഡാസ്’. യഹൂദ വിരുദ്ധതയും വിദ്വേഷ പ്രസംഗവും അംഗീകരിക്കാൻ കഴിയില്ലെന്ന് ജർമ്മൻ സ്‌പോർട്‌സ് വെയർ ഭീമന്മാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘വൈറ്റ് ലൈവ്സ് മാറ്റർ’ എന്ന് ആലേഖനം ചെയ്ത ഷർട്ട് ധരിച്ച് പാരീസ് ഫാഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം വെസ്റ്റുമായുള്ള പങ്കാളിത്തം തുടരണമോയെന്ന് കമ്പനി കൂടിയാലോചന നടത്തി. കാനിയുടെ സമീപകാല അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ്. അവ കമ്പനിയുടെ മൂല്യങ്ങളെ ലംഘിക്കുന്നു. ആയതിനാൽ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നു’ – അഡിഡാസ് അറിയിച്ചു.
അടുത്തിടെ പാരീസ് ഫാഷൻ വീക്കിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്ത് “വൈറ്റ് ലൈവ്സ് മാറ്റർ” എന്നെഴുതിയ ടീ-ഷർട്ട് ധരിച്ചത് വിവാദത്തിന് കാരണമായിരുന്നു. സെമിറ്റിക് വിരുദ്ധ പോസ്റ്റുകൾ ഇട്ടതിന്‍റെ പേരിൽ കാനി വെസ്റ്റിന്‍റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ കമ്പനി മരവിപ്പിച്ചിരുന്നു. യഹൂദൻമാർ ഒരു സംഗീജ്ഞനെ നിയന്ത്രിക്കുന്നു എന്ന രീതിയിലുള്ള പോസ്റ്റുകളാണ് അദ്ദേഹം ഇട്ടത്.
വെസ്റ്റ് മുമ്പും പ്രകോപനപരമായ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഹാസ്യ നടൻ ട്രെവർ നോഹിനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരു ദിവസത്തേക്ക് വെസ്റ്റിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
Story Highlights: Adidas to end ties with Kanye West
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here