മൂന്ന് ഫിഫ്റ്റികൾ; നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ടി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 നഷ്ടപ്പെടുത്തി 179 റൺസ് നേടി. 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (53), സൂര്യകുമാർ യാദവ് (51 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
സ്ലോ പിച്ചിൽ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ഓപ്പണർമാർ റൺസ് കണ്ടെത്താൻ വിഷമിച്ചു. മൂന്നാം ഓവറിൽ പോൾ വാൻ മീക്കരൻ കെഎൽ രാഹുലിനെ (9) വിക്കറ്റിനു മുന്നിൽ കുരുക്കി. മൂന്നാം നമ്പറിലെത്തിയ കോലിയും തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ചു. ആദ്യ പവർപ്ലേയിൽ 32 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. രോഹിത് കൂറ്റൻ ഷോട്ടുകൾക്ക് ശ്രമിച്ചപ്പോൾ പലതവണ പന്ത് എഡ്ജ്ഡായി. രോഹിതിൻ്റെ ഒരു ക്യാച്ച് ടിം പ്രിംഗിൾ പാഴാക്കുകയും ചെയ്തു. ഒടുവിൽ 35 പന്തുകളിൽ രോഹിത് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ഫ്രെഡ് ക്ലാസൻ്റെ പന്തിൽ കോളിൻ അക്കർമാനു പിടികൊടുത്ത് രോഹിത് മടങ്ങി. 39 പന്തിൽ 4 ബൗണ്ടറിയും 3 സിക്സറും സഹിതം 53 റൺസെടുത്ത താരം മൂന്നാം വിക്കറ്റിൽ കോലിയുമൊത്ത് 73 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് പുറത്തായത്.
നാലാം നമ്പറിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ചു. രോഹിത് പുറത്തായതോടെ കോലിയും ആക്രമണ മോഡിലെത്തി. 37 പന്തിൽ കോലി ഫിഫ്റ്റി തികച്ചു. ലോഗൻ വാൻ ബീക്ക് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ സിക്സറിലൂടെ സൂര്യകുമാർ യാദവും ഫിഫ്റ്റിയിലെത്തി. 25 പന്തിൽ 7 ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് സൂര്യയുടെ തകർപ്പൻ ഇന്നിംഗ്സ്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 95 റൺസാണ് കൂട്ടിച്ചേർത്തത്.
Story Highlights: india innings netherlands t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here