Advertisement

സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും

October 28, 2022
2 minutes Read

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉത്തരവിന്മേലുള്ള നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി ഇന്ന് വരെ സമയം നൽകിയിരുന്നു. (vizhinjam protest high court)

Read Also: ‘മാധ്യമപ്രവര്‍ത്തകര്‍ വിഴിഞ്ഞത്തെ അതിജീവന സമരത്തിന് പിന്തുണ നല്‍കിയവര്‍’; അക്രമസംഭവത്തിന് ഖേദം പ്രകടിപ്പിച്ച് സമരസമിതി

തുറമുഖ നിർമ്മാണ പ്രദേശത്തെ റോഡിലെ തടസ്സങ്ങളടക്കം നീക്കണമെന്ന ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്നാണ് കോടതി എടുത്തിട്ടുള്ള നിലപാട്. റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിംഗിൾ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 1 നാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം.

വിഴിഞ്ഞം തുറമുഖത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കല്ലേറിൽ ട്വന്റിഫോർ ന്യൂസിന്റെ ഡ്രൈവർ രാഹുലിന് പരുക്കേറ്റു. മീഡിയ വൺ ചാനലിന്റെ കാമറ പ്രതിഷേധക്കാർ തകർത്തു. സമരത്തിൻ്റെ നൂറാം ദിവസമായ ഇന്നലെയായിരുന്നു സംഭവം.

സംഭവത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥനെന്ന് നടിച്ച് സ്ത്രീകളുടെ ഫോട്ടോ എടുത്തതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. സംഘർഷത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read Also: വിഴിഞ്ഞത്ത് സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

അതിജീവന സമരത്തിന് വലിയ പിന്തുണ നൽകിയവരാണ് മാധ്യമപ്രവർത്തകർ. മാധ്യമപ്രവർത്തകർക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും ഫാ യൂജിൻ പെരേര വ്യക്തമാക്കി.

തത്കാലം സമവായ ചർച്ചകൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരം ശക്തമാക്കാനുള്ള സമരസമിതിയുടെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുക, മണ്ണെണ്ണ സബ്‌സിഡി വർധിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങൾക്കായാണ് മത്സ്യത്തൊഴിലാളികൾ നൂറ് ദിവസമായി സമരം ചെയ്യുന്നത്.

Story Highlights: vizhinjam port protest adani group high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top