ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി ആം ആദ്മി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ പടയൊരുക്കി ആം ആദ്മി. സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ'(Choose Your Chief Minister) കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു.
ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ നിർത്തുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ വേണ്ടിയാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്. ‘ആരാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെന്ന് പൊതുജനം പറയണം. പൊതുജനാഭിപ്രായം അറിയിക്കാൻ ഒരു നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് SMS/WhatsApp സന്ദേശങ്ങൾ അയയ്‌ക്കാനും വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാനും കഴിയും. കൂടാതെ ഇമെയിൽ വഴിയും സ്ഥാനാർത്ഥിയെ അറിയിക്കാം.’ – കെജ്രിവാൾ സൂറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read Also: മുൻ സൈനികന്റെ വീട്ടിൽ മോഷണം; 15 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു
‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ വിലക്കയറ്റം എന്നിവയിൽ നിന്ന് അവർക്ക് മോചനം വേണം. ഇക്കൂട്ടർ (ബിജെപി) ഒരു വർഷം മുമ്പാണ് മുഖ്യമന്ത്രിയെ മാറ്റിയത്. വിജയ് രൂപാണിയായിരുന്നു ആദ്യം, എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചത്? വിജയ് രൂപാണിക്ക് എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നാണോ ഇതിനർത്ഥം?’ – കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോൾ പൊതുജനങ്ങളോട് ചോദിച്ചില്ല. ഡൽഹിയിൽ നിന്നാണ് തീരുമാനമെടുത്തത്. ജനാധിപത്യത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. 2016ൽ നിങ്ങൾ (ബിജെപി) ചോദിച്ചില്ല, 2021ലും ചോദിച്ചില്ല. ആം ആദ്മി പാർട്ടി ഇങ്ങനെ ചെയ്യാറില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ഞങ്ങൾ തീരുമാനിക്കുന്നത്. പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങൾ ജനങ്ങളോട് ചോദിച്ചത് ഓർമയുണ്ടാകും. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി.’
‘ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായാലും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. അതിനാൽ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പൊതുജനം പറയണം. 6357000360 എന്ന നമ്പറിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാം. ഈ നമ്പറിൽ നിങ്ങൾക്ക് SMS അല്ലെങ്കിൽ WhatsApp സന്ദേശം അയയ്‌ക്കുകയോ വോയ്‌സ് സന്ദേശം അയയ്‌ക്കുകയോ ചെയ്യാം. നിങ്ങൾക്ക് aapnocm@gmail.com എന്ന ഇമെയിലും അഭിപ്രായം അറിയിക്കാം.’ – കെജ്രിവാൾ.
Read Also: കെജ്രിവാൾ അരാജകത്വത്തിന്റെ പ്രതീകം; ഡൽഹി സർക്കാരിന്റെ അഴിമതി മറച്ചു കാട്ടാനാണ് പുതിയ പ്രചാരണമെന്ന് അനുരാഗ് താക്കൂർ
നവംബർ ഒന്നിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് പോലെ ഡിസംബർ 8ന് അതിന്റെ ഫലവും വന്നേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ രണ്ടിനും രണ്ടാം ഘട്ടം ഡിസംബർ 4/5 തീയതികളിലും നടന്നേക്കും.
Story Highlights: AAP Launches ‘Choose Your Chief Minister’ Campaign For Gujarat Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here