Advertisement

ഗുജറാത്തിലെ തൂക്കുപാലം അപകടം രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി: വിഡിയോ

October 31, 2022
8 minutes Read
gujarat bridge rahul gandhi

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടം രാഷ്ട്രീയവത്കരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപകടത്തെ രാഷ്ട്രീയവത്കരിക്കുന്നത് മരണപ്പെട്ടവരെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ തെലങ്കാനയിൽ നടന്ന ഒരു പൊതുപരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (gujarat bridge rahul gandhi)

Read Also: ഗുജറാത്തിലെ തൂക്കുപാലം അപകടം; പ്രധാനമന്ത്രി നാളെ സ്ഥലത്തെത്തും

അപകടത്തിന് ഉത്തരവാദി ആരെന്ന് കരുതുന്നു എന്നായിരുന്നു ചോദ്യം. അതിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ: “ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നില്ല. അവിടെ ആളുകൾക്ക് ജീവൻ നഷ്ടമായി. രാഷ്ട്രീയവത്കരിക്കുന്നത് അവരെ അപമാനിക്കുന്നതാണ്. അതുകൊണ്ട് ഞാനങ്ങനെ ചെയ്യില്ല.”- രാഹുൽ ഗാന്ധി പറഞ്ഞു.

അപകടത്തിൽ മരണസംഖ്യ 141 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ഇതിനിടെ, മരണപ്പെട്ടവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം നടത്തുകയാണ്.”- ബിജെപി എംപിയായ മോഹൻഭായ് കുന്ദരിയ ഇന്ത്യ ടിവിയോട് പറഞ്ഞു.

അഞ്ച് ദിവസം മുൻപാണ് പുതുക്കി പണിത പാലം ജനത്തിന് തുറന്ന് കൊടുത്തത്. മോർബിയയിലെ മച്ഛു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേർ പുഴയിൽ വീണതായാണ് സംശയം.

അതിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്നലെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു.

Read Also: ഗുജറാത്തിലെ തൂക്കുപാലം അപകടം; മരണപ്പെട്ടവരിൽ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങളും

സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

Story Highlights: gujarat bridge collapse rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top