Advertisement

മോദിയുടെ സന്ദര്‍ശനത്തിന് മുന്നേ നവീകരിച്ച് മോര്‍ബി ആശുപത്രി; കിടക്ക ഉള്‍പ്പെടെ എല്ലാം മാറ്റി

November 1, 2022
2 minutes Read
morbi hospital renovated ahead of Modi's visit

ഗുജറാത്തില്‍ പാലം തകര്‍ന്നുവീണ സംഭവത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശിച്ചിരുന്നു. മോര്‍ബി ആശുപത്രിയില്‍ പ്രധാനമന്ത്രി എത്തുംമുന്‍പേ ആശുപത്രി നവീകരിച്ച് പുതുക്കിയതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.(morbi hospital renovated ahead of Modi’s visit)

മോദി എത്തുന്നതിന് തൊട്ടുമുന്‍പായി നാല് വാട്ടര്‍ കൂളറുകളാണ് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും വെള്ളമില്ലെന്ന് കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി സന്ദര്‍ശിച്ച, പാലം തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ വാര്‍ഡ് പോലും സന്ദര്‍ശനത്തിന് മുന്നോടിയായി പെയിന്റ് ചെയ്യുകയായിരുന്നു. പുതിയ കിടക്കകളും തയ്യാറാക്കി ആശുപത്രി അധികൃതര്‍. ചില പുതിയ കിടക്കകളില്‍ മോര്‍ബിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ജാംനഗറിലെ ഒരു ആശുപത്രിയുടെ അടയാളങ്ങളും ഉണ്ടായിരുന്നു.

ഇന്നലെ രാത്രി മുഴുവനും നാല്‍പതോളം തൊഴിലാളികള്‍ ആശുപത്രി പെയിന്റ് ചെയ്യുന്ന തിരക്കിലായിരുന്നു. ടോയ്‌ലറ്റുകള്‍ക്ക് പോലും പുതിയ ടൈലുകളായിരുന്നുവെന്നും ഇതെല്ലാം ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മോര്‍ബി ആശുപത്രിയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും എല്ലാം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയതാണെന്നുമാണ് വിമര്‍ശനങ്ങള്‍.

Read Also: തൂക്കുപാലം അപകടത്തില്‍പ്പെട്ടവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി; ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍

മോര്‍ബിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗാന്ധിനഗറിലെ ഗുജറാത്ത് രാജ്ഭവനില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോര്‍ബിയില്‍ എത്തിയ പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. പാലം തകര്‍ന്ന മേഖലയില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും എത്തി.

അതിനിടെ മോര്‍ബിയില്‍ തകര്‍ന്നുവീണ തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് കണ്ടെത്തി. പാലത്തിന്റെ നവീകരണം ടെന്‍ഡര്‍ വിളിച്ചല്ല നടത്തിയതെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. മോര്‍ബി മുനിസിപ്പാലിറ്റി ഒറേവ എന്നകമ്പനിക്കായിരുന്നു പാലം നവീകരിക്കാനുള്ള കരാര്‍.

Story Highlights: morbi hospital renovated ahead of Modi’s visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top