രാഹുലിനു ഫിഫ്റ്റി; വെടിക്കെട്ടുമായി സൂര്യ: സിംബാബ്‌വെയ്ക്ക് 187 റൺസ് വിജയലക്ഷ്യം

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ഇന്ത്യക്കെതിരെ സിംബാബ്‌വെയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസ് നേടി. 61 റൺസെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കെഎൽ രാഹുൽ 51 റൺസെടുത്തു. സിംബാബ്‌വെയ്ക്കായി ഷോൺ വില്ല്യംസ് രണ്ട് വിക്കറ്റ് വീഴ്ത്തി. (india 186 zimbabwe t20)
Read Also: ടി-20 ലോകകപ്പ്: ഇഴഞ്ഞ തുടക്കം; മധ്യനിര രക്ഷക്കെത്തിയപ്പോൾ ബംഗ്ലാദേശിനെ വീഴ്ത്തി പാകിസ്താൻ സെമിയിൽ
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. റിച്ചാർഡ് ങ്കരാവ എറിഞ്ഞ ആദ്യ ഓവർ മെയ്ഡൻ ആക്കി പതിവുപോലെ രാഹുൽ തുടങ്ങി. നാലാം ഓവറിൽ രോഹിത് (13 പന്തിൽ 15) ബ്ലെസിംഗ് മുസർബനിയുടെ പന്തിൽ വെല്ലിങ്ങ്ടൺ മസകാഡ്സ പിടിച്ച് പുറത്തായി. പതിഞ്ഞ തുടക്കത്തിനു ശേഷം രാഹുൽ താളം കണ്ടെത്തിയപ്പോൾ രണ്ടാം വിക്കറ്റിൽ ഇന്ത്യ 60 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 12ആം ഓവറിൽ 25 പന്തിൽ 26 റൺസെടുത്ത കോലിയെ ഷോൺ വില്ല്യംസിൻ്റെ പന്തിൽ റയാൻ ബേൾ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 34 പന്തിൽ ഫിഫ്റ്റി തികച്ച രാഹുൽ അടുത്ത പന്തിൽ പുറത്തായി. സിക്കന്ദർ റാസയുടെ പന്തിൽ മസകാഡ്സയാണ് രാഹുലിനെ പിടികൂടിയത്. ഋഷഭ് പന്ത് (3) വന്നതും പോയതും വേഗം കഴിഞ്ഞു. പന്തിനെ ഷോൺ വില്ല്യംസിൻ്റെ പന്തിൽ റയാൻ ബേൾ പറന്ന് പിടികൂടുകയായിരുന്നു.
Read Also: ടി-20 ലോകകപ്പ്: സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ
പതിവുപോലെ സൂര്യകുമാർ യാദവ് പോസിറ്റീവായി തുടങ്ങി. അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച സൂര്യ 65 റൺസ് കൂട്ടിച്ചേർത്തു. ങ്കരാവ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ഹാർദികിനെ (18 പന്തിൽ 18) ബ്ലെസിംഗ് മുസർബനി പിടികൂടി. തുടർന്ന് ഓവറിലെ നാല് പന്തുകളിൽ രണ്ട് സിക്സറും ഒരു ബൗണ്ടറിയും സഹിതം തകർത്താടിയ സൂര്യ ഇന്ത്യയെ 180 കടത്തുകയായിരുന്നു. 23 പന്തിൽ ഫിഫ്റ്റി തികച്ച താരം 25 പന്തിൽ 61 റൺസുമായി നോട്ടൗട്ടാണ്.
Story Highlights: india 186 zimbabwe t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here