ബലവും സൗന്ദര്യവുമുള്ള മുടിയ്ക്കായി ആപ്പിള്‍ സിഡര്‍ വിനാഗിരി; ഉപയോഗിക്കേണ്ടത് ഇങ്ങനെ

ആപ്പിള്‍ സിഡര്‍ വിനാഗിരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാം. എന്നാല്‍ ആരോഗ്യവും തിളക്കവുമുള്ള മുടിക്കായി ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിക്കാമെന്ന് പലര്‍ക്കും അറിയില്ല. തലയോട്ടിയിലെ ഫംഗസ് ആക്രമണം മുതല്‍ മുടിയുടെ ബലക്കുറവ് വരെ പരിഹരിക്കുന്ന ഒരു ഉല്‍പ്പന്നമാണ് ആപ്പിള്‍ സിഡര്‍ വിനാഗിരി. ഇത് മുടിയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാം. (benefits of apple cider vinegar hair)
ആപ്പിളിനെ ഫെര്‍മന്റേഷന് വിധേയമാക്കിയാണ് ആപ്പിള്‍ സിഡര്‍ വിനാഗിരി നിര്‍മിക്കുന്നത്. അസറ്റിക് ആസിഡിന്റെ കലവറയാണ് ഇങ്ങനെ നിര്‍മിക്കുന്ന വിനാഗിരി. തലമുടിയുടെ pH സന്തുലനം കൃത്യമാക്കുന്നു എന്നതാണ് ആപ്പിള്‍ സിഡര്‍ വിനാഗിരിയുടെ ഏറ്റവും വലിയ പ്രത്യേകത. വരണ്ട് എളുപ്പം പൊട്ടുന്ന വിധത്തില്‍ ബലം കുറഞ്ഞ്, ചകിരി നാരുപോലെയായ മുടിയില്‍ മറ്റ് പാക്കുകള്‍ക്കൊപ്പം ആപ്പിള്‍ സിഡര്‍ വിനാഗിരി കൂടി ചേര്‍ത്ത് പുരട്ടുന്നത് pH കൃത്യമാക്കി മുടിയെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു.
അണുനാശനത്തിനുള്ള കഴിവുള്ള പദാര്‍ത്ഥമായാണ് ആപ്പിള്‍ സിഡര്‍ വിനാഗിരിയെ കാണുന്നത്. തലയോട്ടിയില്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി പുരട്ടുന്നത് ഫംഗസ്, ബാക്ടീരിയ ആക്രമണത്തെ ചെറുക്കാന്‍ സഹായിക്കും. ഇതുവഴി ചൊറിച്ചില്‍, ഇന്‍ഫക്ഷന്‍ മുതലായവ ഒഴിവാക്കാനാകും.
ആപ്പിള്‍ സിഡര്‍ വിനാഗിരി നേരിട്ട് തലയോട്ടിയിലോ ചര്‍മ്മത്തിലോ പുരട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇരട്ടിയിലധികം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വേണം ആപ്പിള്‍ സിഡര്‍ വിനാഗിരി പുരട്ടാന്‍. 10 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
Story Highlights: benefits of apple cider vinegar hair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here